കൊച്ചി: നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസിൽ അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ചോറ്റാനിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മനു നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 21 ന് പരിഗണിക്കാൻ മാറ്റി. മുൻ സർക്കാർ അഭിഭാഷകൻ കൂടിയായ പി.ജി. മനുവിൻറെ ജാമ്യാപേക്ഷ ജസ്റ്റീസ് സോഫി തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് പരിഗണിച്ചത്.
അന്തിമ റിപ്പോർട്ട് ഈ ആഴ്ച കോടതിയിൽ സമർപിക്കുമെന്നും പോലീസ് അറിയിച്ചു. മനു നൽകിയ ജാമ്യാപേക്ഷയിലാണ് വിശദീകരണം.നിയമോപദേശം തേടിയെത്തിയ യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പി.ജി മനുവിനെതിരായ കേസ്. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയ സാഹചര്യത്തിലാണ് മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്