ഗായിക കെ എസ് ചിത്രയ്‌ക്കെതിരെ വ്യാപക സൈബർ ആക്രമണം. അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നത്. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളില്‍ അതിരൂക്ഷമായ ആക്രമണമാണ് അവർ നേരിടുന്നത്. ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേർ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. അയോധ്യാ പ്രാണപ്രതിഷ്ഠാ വേളയിൽ രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞത് കേട്ടയുടൻ സൈബർ ഇടങ്ങളിൽ കെഎസ്‍ ചിത്രക്കെതിരെ ആക്രമണങ്ങൾ നടക്കുകയാണെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും വി മുരളീധരൻ പറഞ്ഞു. ‘ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു. എന്നാൽ അവരുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങൾ വഴി സൈബർ ആക്രമണം നടത്തുന്നു. സഹിഷ്ണുതയുടെ പര്യായമായ കേരളത്തിന് യോജിക്കുന്നതാണോ ഇതൊക്കെ. ശബരിമലയിൽ ആചാരലംഘനത്തിന് നിന്നവരാണ് ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്”- വി മുരളീധരൻ കുറ്റപ്പെടുത്തി.