പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത
ടെഹ്‌റാൻ: തെക്കൻ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന് സമീപമുള്ള തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പെടെ നിരവധി മേഖലകളിലാണ് സ്ഫോടനശബ്ദം ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒമാൻ ഉൾക്കടലിനും ഹോർമുസ് കടലിടുക്കിനും സമീപമുള്ള സിറിക്, ജാസ്‌ക് തുടങ്ങിയ തീരദേശ നഗരങ്ങളിലുമാണ് സമാനമായ ശബ്ദങ്ങൾ കേട്ടതെന്ന് ഐആർജിസിയുമായി ബന്ധമുള്ള മാധ്യമങ്ങൾ അറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സ്ഫോടനങ്ങളുടെ ഉറവിടവും സ്വഭാവവും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സംഭവവികാസങ്ങൾ ആശങ്കയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.
English Summary
Reports say loud explosion-like sounds were heard in several areas of southern Iran, including Bandar Abbas near the strategic Strait of Hormuz. Iranian authorities have not yet officially explained the cause, and investigations are reportedly underway.









