പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ ’13-ാം നമ്പർ’ കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രിയുടെ മാസ്സ് എൻട്രി
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാർ സ്വീകരിക്കാൻ മടിച്ച നിയമസഭയിലെ 13-ാം നമ്പർ ഔദ്യോഗിക കാറിന് ഒടുവിൽ അവകാശിയായി മന്ത്രി കെ.എം. ഷാജി. തദ്ദേശസ്വയംഭരണം, നഗരാസൂത്രണം, ഗ്രാമവികസനം, കല എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് കെ.എം. ഷാജി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യം ഒൻപതാം നമ്പർ കാറിലായിരുന്നു ഷാജി സെക്രട്ടേറിയറ്റിലെത്തിയത്. പിന്നീട് ആ വാഹനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്നാണ് ഒഴിവായി കിടന്നിരുന്ന 13-ാം നമ്പർ കാർ ഷാജി സ്വമേധയാ ആവശ്യപ്പെട്ട് ഏറ്റെടുത്തത്.
മുൻ എൽഡിഎഫ് മന്ത്രിസഭയിൽ പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.
13-ാം നമ്പർ അപശകുനമാണെന്ന വിശ്വാസം രാഷ്ട്രീയ വൃത്തങ്ങളിൽ വർഷങ്ങളായി നിലനിന്നിരുന്നു. മുൻ സർക്കാരുകളുടെ കാലത്ത് 13-ാം നമ്പർ കാർ സ്വീകരിച്ച ചില മന്ത്രിമാർ പിന്നീട് തെരഞ്ഞെടുപ്പിൽ തോൽക്കുകയോ, മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടുകയോ, പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുകയോ ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഈ വിശ്വാസത്തിന് പിന്നിൽ.
ഇതുകൊണ്ടുതന്നെ പല മന്ത്രിമാരും 13-ാം നമ്പർ കാർ സ്വീകരിക്കാൻ മടിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കെ.എം. ഷാജി കാർ ആവശ്യപ്പെട്ട് സ്വന്തമാക്കിയിരിക്കുന്നത്.
English Summary
Kerala Minister K.M. Shaji has taken over the Assembly’s controversial 13-number official car, which many ministers reportedly avoided due to superstition surrounding the number.









