അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത് ഈ വകുപ്പുകൾക്ക്?
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായേക്കും. വി.ഡി. സതീശനും ചെന്നിത്തലയും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയായെന്നാണ് സൂചന.
ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനും ചെന്നിത്തല സന്നദ്ധത പ്രകടിപ്പിച്ചതായും രാഷ്ട്രീയവൃത്തങ്ങൾ പറയുന്നു. മന്ത്രിസ്ഥാനം, വകുപ്പുവിഭജനം എന്നിവ ചർച്ച ചെയ്യുന്നതിനായാണ് ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ഒരു ദിവസത്തിനിടെ രണ്ടാം തവണയാണ് വി.ഡി. സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നത്.
നേരത്തെ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി. സതീശൻ വഴുതക്കാട്ടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിനെച്ചൊല്ലിയുള്ള സമവായവാർത്തകൾ പുറത്തുവരുന്നത്.
പുതിയ മന്ത്രിസഭയുടെ അന്തിമ പട്ടികയും വകുപ്പുവിഭജനവും ഉടൻ പ്രഖ്യാപിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
English Summary
Ramesh Chennithala is likely to become the Home Minister in the upcoming UDF government led by V.D. Satheesan. Reports suggest that a consensus was reached during crucial discussions between the two leaders. Chennithala may also take charge of the Finance portfolio if needed. Satheesan met Chennithala twice within a day as efforts intensified to finalize cabinet positions and portfolio allocations.









