മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക് കഷ്ടിച്ചുള്ള ജയം
തിരുവനന്തപുരം: പത്തുവർഷത്തെ ഭരണത്തുടർച്ചയ്ക്ക് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി. മത്സരരംഗത്തുണ്ടായിരുന്ന 20 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടത് ഭരണപക്ഷത്തിന് വലിയ ആഘാതമായി.
ഇടതുകോട്ടകളായി കണക്കാക്കിയിരുന്ന പല മണ്ഡലങ്ങളിലും മന്ത്രിമാർ പിന്നിലാകുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്. സിപിഐ മന്ത്രിമാർ മാത്രമാണ് ഏതാനും മണ്ഡലങ്ങളിൽ ആശ്വാസകരമായ വിജയം നേടിയത്.
പത്തനാപുരത്ത് ദീർഘകാലമായി വിജയിച്ചിരുന്ന കെ.ബി. ഗണേഷ് കുമാർ ജ്യോതികുമാർ ചാമക്കാലിനോട് പരാജയപ്പെട്ടു. ആറൻമുളയിൽ ഒരു ഘട്ടത്തിലും ലീഡ് നേടാനാകാതെ മന്ത്രി വീണ ജോർജ് തോറ്റപ്പോൾ അബിൻ വർഗീസ് വലിയ വിജയം നേടി. ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും പരാജയം നേരിട്ടു.
ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവും കളമശ്ശേരിയിൽ പി. രാജീവും തോറ്റു. തൃത്താലയിൽ എം.ബി. രാജേഷ് വീണ്ടും വി.ടി. ബൽറാമിനോട് പരാജയപ്പെട്ടു. മണ്ഡലം മാറി മത്സരിച്ച വി. അബ്ദുറഹ്മാൻ തിരൂരിൽ വിജയിക്കാനായില്ല.
എലത്തൂരിൽ എ.കെ. ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ. കേളുവും കണ്ണൂരിൽ കടന്നപ്പള്ളിയും പരാജയപ്പെട്ടു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ കഷ്ടിച്ച് വിജയം നേടി.
അതേസമയം ബേപ്പൂരിൽ മുഹമ്മദ് റിയാസ്, ഒല്ലൂരിൽ കെ. രാജൻ, ചേർത്തലയിൽ പി. പ്രസാദ്, നെടുമങ്ങാട് ജി.ആർ. അനിൽ, ചെങ്ങന്നൂരിൽ സജി ചെറിയാൻ എന്നിവർ വിജയിച്ച് ഇടതുമുന്നണിക്ക് ആശ്വാസം നൽകി.
വോട്ടെണ്ണലിൽ മന്ത്രിമാർക്ക് നേരിട്ട ഈ പരാജയം ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
English Summary
In a major setback for LDF, 13 out of 20 ministers lost in the Kerala elections. Several key ministers were defeated, reflecting strong anti-incumbency against the ruling front.









