ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതി രാഹുൽ രാജു (27)-വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ബസ് കാത്തുനിന്ന പെൺകുട്ടിയെ പ്രതികൾ കടന്നുപിടിക്കാൻ ശ്രമിച്ചു. സംഭവം കണ്ട ബന്ധു ചോദ്യം ചെയ്തതോടെ സ്ഥിതി വഷളായി.
ചോദ്യം ചെയ്ത ബന്ധുവിനെ ഒന്നാം പ്രതിയായ ശ്രീജിത്തും രണ്ടാം പ്രതിയായ രാഹുൽ രാജും ചേർന്ന് ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ച് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തുടർന്ന് ഇരുവരും ഒളിവിൽ പോയി.
ശ്രീജിത്തിനെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രാഹുൽ രാജ് ഒളിവിലായിരുന്നു.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരിപ്പൂർ ഭാഗത്ത് വെച്ചാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ പിടികൂടിയത്.
രാഹുൽ രാജ് കാപ്പ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. മോഷണം, കൂലിത്തല്ല്, കൊലപാതകശ്രമം, ലഹരി വിൽപ്പന, പൊലീസിനെ ആക്രമിക്കൽ തുടങ്ങി 18-ഓളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Police in Kerala arrested an absconding repeat offender accused of attempting to assault a minor at a bus stand. The incident occurred when the girl was waiting for a bus, and the accused allegedly tried to misbehave with her. When a relative intervened, the accused and his accomplice allegedly dragged him aside and assaulted him, leaving him seriously injured. Following an investigation that tracked his mobile location, police eventually apprehended the accused, who is already involved in multiple criminal cases.









