കർഷകരുടെ കണ്ണീർ! കോഴിവളർത്തൽ മേഖല തകർച്ചയുടെ വക്കിൽ
വടക്കഞ്ചേരി: കടുത്ത വേനലും പാചകവാതക ക്ഷാമവും ഒരുമിച്ച് ബാധിച്ചതോടെ വടക്കഞ്ചേരി മേഖലയിലെ കോഴിവളർത്തൽ മേഖല ഗുരുതര പ്രതിസന്ധിയിൽ. വിപണി വില ഒരാഴ്ചയ്ക്കിടെ കുത്തനെ ഇടിഞ്ഞതോടെ കർഷകർ ലക്ഷങ്ങളുടെ നഷ്ടത്തിലാണ്.
പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതിനെ തുടർന്ന് നിരവധി ഹോട്ടലുകൾ പ്രവർത്തനം നിർത്തിയതും, പ്രവർത്തിക്കുന്നവയിൽ ചിക്കൻ വിഭവങ്ങൾ കുറച്ചതുമാണ് ആവശ്യകത കുറയാൻ പ്രധാന കാരണം. അതേസമയം, വേനൽചൂട് കനത്തതോടെ ഇറച്ചി ഉപഭോഗവും കുറഞ്ഞു.
ഉയർന്ന താപനില കാരണം ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും കർഷകർക്ക് വലിയ തിരിച്ചടിയായി. മാർച്ച് 24-ന് കിലോയ്ക്ക് 124 രൂപ ഉണ്ടായിരുന്ന ഫാം റേറ്റ് ഒരാഴ്ചയ്ക്കകം 90 രൂപയിലേക്ക് ഇടിഞ്ഞു. ചില ഇടങ്ങളിൽ 100–110 രൂപ നിരക്കാണ് നിലവിൽ.
കോഴിക്കുഞ്ഞുങ്ങളുടെ വിലയും കുത്തനെ താഴ്ന്നു. 48 രൂപയ്ക്ക് വാങ്ങിയ കുഞ്ഞുങ്ങൾ ഇപ്പോൾ 13 രൂപയ്ക്കാണ് വിറ്റഴിക്കേണ്ടി വരുന്നത്. ഇതോടെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.
വിദേശത്ത് ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി കോഴിവളർത്തൽ ആരംഭിച്ച പ്രവാസികളാണ് ഏറ്റവും കൂടുതൽ ബാധിതർ. ഈ മേഖല ‘കൃഷി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ബാങ്ക് വായ്പ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമല്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ഫാമുകളിൽ വിൽപ്പനയില്ലാതെ കോഴികൾ കെട്ടിക്കിടക്കുന്നതിനാൽ തീറ്റച്ചെലവ് വർധിക്കുകയും നഷ്ടം കൂടുകയും ചെയ്യുന്നു. അടിയന്തരമായി സർക്കാർ ഇടപെടാത്ത പക്ഷം കൂടുതൽ ഫാമുകൾ അടയ്ക്കേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്.
കോഴിവളർത്തൽ കൃഷിയായി അംഗീകരിക്കണമെന്നും പ്രതിസന്ധിയിലായ കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്നും കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
English Summary
Poultry farmers in Vadakkenchery are facing severe losses due to falling chicken prices, extreme heat, and LPG shortages affecting demand. Farmers are calling for government intervention and recognition of poultry farming as agriculture.









