പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്
കൊച്ചി: മഞ്ഞപ്പൂക്കൾ കൊണ്ട് വീടുകളും മതിലുകളും മൂടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ അലങ്കാര വള്ളിച്ചെടിയായ ക്യാറ്റ്സ് ക്ലോയ്ക്ക് വൻ പ്രചാരം ലഭിക്കുന്നു. Instagram, Facebook എന്നിവയിൽ ‘മഞ്ഞവസന്തം’ തരംഗമായതോടെ നഴ്‌സറികളിൽ ഈ ചെടിയുടെ ആവശ്യകത കുത്തനെ ഉയർന്നു.
തെക്കേ അമേരിക്കയും കരീബിയൻ മേഖലയുമാണ് ഈ ചെടിയുടെ ജന്മദേശം. ഏകദേശം 15 വർഷം മുമ്പ് ഇന്ത്യയിൽ അലങ്കാരച്ചെടിയായി എത്തിയെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് വിപണിയിൽ മുൻപന്തിയിലെത്തിയത്. ഇപ്പോൾ നഴ്‌സറികളിൽ വലിയ ചെടിക്ക് ഏകദേശം 300 രൂപയും ചെറുതിന് 50 രൂപയും വിലയാണ്.
Dolichandra unguis-cati എന്ന ശാസ്ത്രീയ നാമമുള്ള ഈ വള്ളിച്ചെടിക്ക് പൂച്ചയുടെ നഖംപോലുള്ള വേരുകളാണ് പ്രത്യേകത. അതുകൊണ്ടാണ് ‘ക്യാറ്റ്സ് ക്ലോ’ എന്ന പേര് ലഭിച്ചത്. പതിയെ വേരുപിടിച്ച ശേഷം വേഗത്തിൽ വളരുന്ന ഈ ചെടി വർഷത്തിൽ മൂന്ന് തവണ പൂവിടും. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് മികച്ച വളർച്ച കാട്ടും.
ചാണകം, എല്ലുപൊടി പോലുള്ള ജൈവവളങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഉപ്പുരസമുള്ള മണ്ണ് ഒഴികെ മിക്ക ഇടങ്ങളിലും ഇത് വളരും.
എന്നാൽ അധിനിവേശ സസ്യമെന്ന പേരും ഈ ചെടിക്കുണ്ട്. സൂര്യപ്രകാശം കടക്കാത്തവിധം പടരുന്നതിനാൽ ചെറു സസ്യങ്ങൾക്കും വലിയ മരങ്ങൾക്കുപോലും ഭീഷണിയാകാം. അതുകൊണ്ട് പല രാജ്യങ്ങളിലും ഇതിന്റെ വളർത്തലും വിൽപ്പനയും നിയന്ത്രിച്ചിരിക്കുകയാണ്.
ആവശ്യക്കാർ കൂടിയതോടെ പൂനെയിൽ നിന്നു വരെ വലിയ ചെടികൾ എത്തിക്കേണ്ട സാഹചര്യമാണെന്ന് കൊച്ചിയിലെ നഴ്‌സറി ഉടമ സുനിൽ ജോൺ പറഞ്ഞു.
English Summary
The ornamental creeper “Cat’s Claw” has gone viral on social media, especially on Instagram and Facebook, due to its bright yellow flowers covering houses and walls. Native to South America and the Caribbean, the plant has been in India for around 15 years but gained massive popularity only recently. Prices have risen due to demand. Scientifically known as Dolichandra unguis-cati, it grows rapidly and blooms three times a year. However, it is also considered an invasive species, capable of harming other plants if not properly maintained.









