നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല?
മൃഗങ്ങളിൽ പലതും വർഷത്തിലെ പ്രത്യേക കാലഘട്ടങ്ങളിൽ മാത്രം ഇണചേരുമ്പോൾ, മനുഷ്യർക്ക് അത്തരമൊരു ‘ബ്രീഡിംഗ് സീസൺ’ ഇല്ല. വർഷം മുഴുവനും ഗർഭധാരണത്തിന് സാധ്യതയുള്ള ഏക ജീവിവർഗങ്ങളിൽ മനുഷ്യരും ഉൾപ്പെടുന്നു.
ഇതിന് പിന്നിൽ ജൈവശാസ്ത്രവും പരിണാമചരിത്രവും സാമൂഹിക ഘടകങ്ങളും ചേർന്നുള്ള വിശദീകരണങ്ങളുണ്ട്.
ഭൂമിയിലെ മൃഗങ്ങളിൽ പ്രജനന രീതികൾ വൈവിധ്യമേറിയതാണ്. ചില ജീവികൾ വർഷത്തിൽ ഒരു പ്രത്യേക സമയത്ത് മാത്രം ഇണചേരുന്ന സീസണൽ ബ്രീഡേഴ്സ് (ആട്, മാൻ, കുതിര, ചില പക്ഷികൾ) ആണെങ്കിൽ, ചിലവ കണ്ടിന്യൂവസ് ബ്രീഡേഴ്സ് — വർഷം മുഴുവനും പ്രജനനം നടത്താൻ കഴിവുള്ളവർ (മനുഷ്യർ, ചിമ്പാൻസികൾ, മുയൽ, എലി തുടങ്ങിയവർ).
മറ്റൊരു വിഭാഗം ഓപ്പർച്യൂണിസ്റ്റിക് ബ്രീഡേഴ്സ് — അനുകൂല സാഹചര്യങ്ങളിൽ മാത്രം ഇണചേരുന്ന ജീവികൾ (മരുഭൂമിയിലെ ചില പക്ഷികളും തവളകളും).
മിക്ക മൃഗങ്ങൾക്കും ഇണചേരൽ സീസൺ ഉണ്ടായിരിക്കുന്നത് സന്താനങ്ങളുടെ അതിജീവനം ഉറപ്പാക്കാനാണ്. കുഞ്ഞുങ്ങൾ ജനിക്കുന്ന സമയത്ത് ഭക്ഷണസമൃദ്ധിയും അനുകൂല കാലാവസ്ഥയും ലഭ്യമാകണം. എന്നാൽ മനുഷ്യരുടെ കാര്യത്തിൽ ഈ കർശനത കാണുന്നില്ല.
1. പരിണാമപരമായ പശ്ചാത്തലം
മനുഷ്യർ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്ന് പരിണമിച്ചു വന്നവരാണ്. അവിടെ വർഷം മുഴുവനും ഭക്ഷണവും അനുകൂല കാലാവസ്ഥയും ലഭ്യമായിരുന്നു. പിന്നീട് കൃഷി, വസ്ത്രം, പാർപ്പിടം തുടങ്ങിയ സാങ്കേതികവിദ്യകൾ വികസിച്ചതോടെ മനുഷ്യർ ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ പഠിച്ചു. അതിനാൽ പ്രജനനത്തെ ഒരു പ്രത്യേക സീസണിലേക്ക് പരിമിതപ്പെടുത്തേണ്ട ആവശ്യം ഉണ്ടായില്ല.
2. മറഞ്ഞിരിക്കുന്ന അണ്ഡോത്പാദനം (Concealed Ovulation)
പല മൃഗങ്ങളിലും പെൺവർഗ്ഗം ഗർഭധാരണത്തിന് തയ്യാറാകുമ്പോൾ ശരീരത്തിൽ വ്യക്തമായ മാറ്റങ്ങൾ പ്രകടമാകും. എന്നാൽ മനുഷ്യരിൽ ഇത്തരം സൂചനകൾ പുറത്തേക്ക് വ്യക്തമായി കാണപ്പെടുന്നില്ല. ഇതുവഴി പ്രജനനസമയത്തിനായി കാത്തിരിക്കേണ്ടതില്ല; വർഷം മുഴുവനും ഇണചേരൽ സാധ്യമാണ്.
3. സാമൂഹിക ബന്ധങ്ങളുടെ പങ്ക്
മനുഷ്യരിൽ ലൈംഗികത പ്രജനനത്തിനപ്പുറം ഒരു സാമൂഹിക ബന്ധവുമാണ്. ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കുട്ടികളെ ദീർഘകാലം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
മനുഷ്യക്കുഞ്ഞുങ്ങൾ ജനിച്ച ഉടനെ സ്വയം നിലകൊള്ളാൻ കഴിയാത്തവരാണ്; വർഷങ്ങളോളം മാതാപിതാക്കളുടെ പരിചരണം ആവശ്യമാണ്. ഈ സാഹചര്യത്തിൽ വർഷം മുഴുവനുമുള്ള ഇണചേരൽ സാമൂഹിക സ്ഥിരതക്കും ബന്ധങ്ങളുടെ ദൈർഘ്യത്തിനും സഹായകമായി.
‘ക്ലസ്റ്റർ ബർത്ത്’ എന്ന കൗതുകം
മനുഷ്യർക്കു സീസണൽ ഇണചേരൽ ഇല്ലെങ്കിലും ചില കാലഘട്ടങ്ങളിൽ ജനനനിരക്ക് ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ക്രിസ്മസ്, പുതുവത്സരം പോലുള്ള അവധി ദിവസങ്ങൾക്ക് ഒൻപത് മാസങ്ങൾക്ക് ശേഷം ജനനനിരക്കിൽ വർധനവ് രേഖപ്പെടുത്താറുണ്ട്.
അവധി സമയത്ത് ദമ്പതികൾ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നതും സമ്മർദ്ദം കുറയുന്നതുമാണ് ഇതിന് കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ബൊനോബോകളും ചിമ്പാൻസികളും പോലുള്ള അടുത്ത ബന്ധമുള്ള കുരങ്ങുകളിലും സീസണൽ ഇണചേരൽ ഇല്ല. അവയും വർഷം മുഴുവനും ഇണചേരുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, മനുഷ്യരിലെ ഗർഭധാരണം ജൈവശാസ്ത്രപരമായ കഴിവിന്റെ ഫലമത്രമല്ല; അത് നമ്മുടെ പരിണാമചരിത്രത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പ്രതിഫലനവുമാണ്.
(അമേരിക്കൻ ജീവശാസ്ത്രജ്ഞൻ സ്കോട്ട് ട്രാവേഴ്‌സ് ഫോബ്സിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട്.)
ENGLISH SUMMARY
Unlike many animals that breed seasonally, humans do not have a fixed mating season. Evolutionary factors such as tropical origins, concealed ovulation, and strong social bonding mechanisms allow year-round reproduction. Sexual behavior in humans evolved beyond reproduction, strengthening long-term partnerships and cooperative child-rearing. Similar patterns are also observed in primates like bonobos and chimpanzees.









