വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ നേടിയ നിർണായക ജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ച അതിഗംഭീര പ്രകടനം ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
ഇന്ത്യയെ സെമിഫൈനലിലെത്തിച്ച ആ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇപ്പോഴും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അഭിനന്ദനങ്ങൾ ഒഴുകിയെത്തുന്നതിനിടെ, സമൂഹമാധ്യമങ്ങളിൽ ഒരു വംശീയ പരാമർശം വിവാദത്തിനിടയാക്കി.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിന് പിന്നാലെ എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് വിമർശനത്തിന് കാരണമായത്.
സഞ്ജുവിന്റെ ചിത്രത്തോടൊപ്പം വംശീയ സൂചനകളുള്ള അടിക്കുറിപ്പാണ് പങ്കുവെച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
കേരളത്തിന്റെ അഭിമാന താരത്തിനെതിരായ ഇത്തരം വിദ്വേഷ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് കേരള ഘടകം പ്രതികരിച്ചു.
പോസ്റ്റിന് പിന്നിലുള്ള വ്യക്തിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടും അവർ എക്സിൽ കുറിച്ചു. “ഇത്തരത്തിലുള്ള വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ല” എന്നായിരുന്നു പ്രതികരണം.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റതിനെ തുടർന്ന് സഞ്ജുവിനെ ഓപ്പണറായി ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.
ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ മാറ്റം കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു തീരുമാനം. വെസ്റ്റിൻഡീസ് ഉയർത്തിയ 196 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി 50 പന്തിൽ 97 റൺസ് (12 ഫോർ, 4 സിക്‌സ്) നേടിയ സഞ്ജുവിന്റെ ഇന്നിങ്സാണ് ജയത്തിന്റെ അടിത്തറയായത്.
English Summary
Sanju Samson’s explosive 97 off 50 balls against West Indies helped India reach the T20 World Cup semifinals. While fans praised his performance, a racially insensitive social media post sparked controversy. Congress Kerala condemned the remark and urged Union Minister Ashwini Vaishnaw to take action.









