ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു
ബെയ്‌റൂട്ട്: ഹൈഫ നഗരത്തെ ലക്ഷ്യമാക്കി റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാൻ പിന്തുണയുള്ള ഷിയ സംഘടന അവകാശപ്പെട്ടതിന് പിന്നാലെ, ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി.
കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ പറയുന്നു.
തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതായി ലെബനൻ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 149 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണ ഭീതിയിൽ ആയിരക്കണക്കിന് ആളുകൾ പ്രദേശങ്ങൾ ഒഴിഞ്ഞുപോകുകയാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമീനിയെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് റോക്കറ്റുകൾ തൊടുത്തതെന്നാണ് റിപ്പോർട്ട്.
വടക്കൻ ഇസ്രയേലിലെ പ്രധാന സൈനിക കേന്ദ്രമായ ഹൈഫയാണ് ലക്ഷ്യം. ഇതിന് പിന്നാലെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്ത് ഉൾപ്പെടെയുള്ളിടങ്ങളിൽ ഇസ്രയേൽ തിരിച്ചടി ശക്തമാക്കി. ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പും നൽകി.
ഇതിനിടെ ഇറാൻ–ഇസ്രയേൽ സംഘർഷം കൂടുതൽ വ്യാപിക്കുകയാണ്. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രം ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യയിൽ നിന്ന് പൗരന്മാർ ഒഴിയണമെന്ന് അമേരിക്ക നിർദേശം നൽകി. ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു; 50 ഡ്രോണുകൾ വീഴ്ത്തിയതായും അവകാശപ്പെട്ടു. അബുദബിയിൽ പുലർച്ചെ ആക്രമണം ഉണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും വൻതോതിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ശക്തമായി ലക്ഷ്യമിടുന്നതാണ് ലക്ഷ്യമെന്നാണ് വിവരം. പശ്ചിമേഷ്യയിലെ സാഹചര്യം അതീവ സംഘർഷഭരിതമായി തുടരുകയാണ്.
English Summary
Following claims of rocket and drone attacks on Haifa by an Iran-backed group, Israel carried out heavy airstrikes on Hezbollah command centers and weapons depots in Lebanon. Lebanese authorities reported at least 31 deaths and 149 injuries. Israel stated that thousands are fleeing affected areas. The Iran–Israel conflict is escalating, with reports of further strikes and military preparations involving the US and regional actors. The situation across West Asia remains highly tense.









