ഡിജിറ്റൽ തട്ടിപ്പിനിരയായവർക്ക് ആശ്വാസം; നഷ്ടപരിഹാര പദ്ധതിയുമായി ആർബിഐ
മുംബൈ: ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ നഷ്ടപരിഹാര പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുകയുടെ ഒരു ഭാഗം തിരികെ നൽകുന്ന പദ്ധതിയുടെ കരട് രേഖ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുകയും ബാങ്കിങ് സേവനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പദ്ധതി പ്രകാരം, ഡിജിറ്റൽ തട്ടിപ്പിനിരയായാൽ അത് ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണോ, ഒ.ടി.പി കൈമാറിയതിന്റെ ഫലമാണോ എന്നത് പരിഗണിക്കാതെയാണ് നഷ്ടപരിഹാരം അനുവദിക്കുക.
നിബന്ധനകൾക്ക് വിധേയമായി, നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം വരെ, എന്നാൽ പരമാവധി 25,000 രൂപ വരെ മാത്രമാണ് സഹായമായി ലഭിക്കുക.
നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ബാങ്ക് വഹിക്കുമ്പോൾ, ബാക്കിയുള്ള 70 ശതമാനം ആർബിഐ നൽകും. ശേഷിക്കുന്ന 15 ശതമാനം ഉപഭോക്താവിന് തന്നെ വഹിക്കേണ്ടിവരും.
ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് സഹായത്തിന് പരമാവധി പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി.
ഉദാഹരണമായി, 50,000 രൂപ നഷ്ടപ്പെട്ടാൽ 85 ശതമാനം കണക്കാക്കിയാൽ 42,500 രൂപ ലഭിക്കേണ്ടതുണ്ടെങ്കിലും, പരമാവധി പരിധിയായ 25,000 രൂപ മാത്രമേ നൽകുകയുള്ളൂ.
എന്നാൽ 20,000 രൂപയാണ് നഷ്ടമായതെങ്കിൽ, അതിന്റെ 85 ശതമാനമായ 17,000 രൂപ മുഴുവനായും ലഭിക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
നിർബന്ധിത വിൽപനയ്ക്ക് നിയന്ത്രണം: ഉപഭോക്താക്കൾക്ക് താൽപര്യമില്ലാത്ത ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾ ബാങ്കുകൾ നിർബന്ധിച്ച് വിൽക്കുന്ന പ്രവണത തടയാൻ പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവരും.
മുതിർന്ന പൗരർക്ക് അധിക സുരക്ഷ: ഡിജിറ്റൽ ഇടപാടുകളിൽ മുതിർന്ന പൗരർക്കായി കൂടുതൽ പരിശോധനാ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും.
എം.എസ്.എം.ഇ വായ്പ: ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ ലഭിക്കുന്ന വായ്പ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി വർധിപ്പിക്കും. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.
കിസാൻ ക്രെഡിറ്റ് കാർഡ്: കെ.സി.സി വായ്പകളുടെ കാലാവധി 6 വർഷമായി നീട്ടും. വിളവെടുപ്പ് കാലങ്ങൾ ഏകീകരിക്കുന്നതിലൂടെ തിരിച്ചടവ് കൂടുതൽ സുഗമമാക്കും.
English Summary
The Reserve Bank of India is set to introduce a relief scheme for victims of digital financial fraud. Under the proposed plan, eligible victims can receive up to 85% of the lost amount, capped at ₹25,000, regardless of whether the loss occurred due to negligence such as sharing OTPs. RBI will bear a major portion of the compensation, with banks and customers sharing the rest. The RBI also announced measures to curb forced selling by banks, enhance security for senior citizens, double collateral-free MSME loan limits, and extend Kisan Credit Card loan tenure.
rbi-digital-fraud-compensation-scheme-relief-for-victims
RBI, digital fraud, online scam compensation, banking reforms, consumer protection, MSME loans, Kisan Credit Card, financial fraud India









