യുകെയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു
ഹൗൺസ്‌ലോ (ലണ്ടൻ) ∙ പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്‌ലോയിൽ 16 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം രംഗത്തെത്തി.
സംഭവത്തിൽ നീതി ആവശ്യപ്പെട്ട് 200ലധികം സിഖ് സമൂഹാംഗങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു.
ലഭ്യമായ വിവരങ്ങൾ പ്രകാരം 30കളിൽ പ്രായമുള്ള ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാൾ ഉൾപ്പെടുന്ന പാക്കിസ്ഥാൻ വംശജരുടെ സംഘത്തിലെ ആറ് പേർ ചേർന്നാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം.
പെൺകുട്ടി സിഖ് സമുദായാംഗമാണെന്ന് സിഖ് പ്രസ് അസോസിയേഷൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതിഷേധത്തിന്റെയും പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് പ്രതി ആദ്യം സൗഹൃദം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട്, പെൺകുട്ടിക്ക് 16 വയസ്സായതോടെ വീട്ടിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുകയും തുടർന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് സിഖ് പ്രസ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
പ്രതി താമസിച്ചിരുന്ന പ്രദേശത്ത് ഏകദേശം 20 സെക്കൻഡറി സ്കൂളുകളുണ്ടെന്നും, ഈ പ്രദേശങ്ങളിലെ കുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും സിഖ് സംഘടനകൾ ആരോപിക്കുന്നു.
ഇത്തരം സംഘങ്ങൾ സാധാരണയായി 11 മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്നും, പ്രത്യേകിച്ച് സാമൂഹികമായി ദുർബലമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇരകളാകുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പീഡനത്തിന് ശേഷം കുട്ടികളെ മനുഷ്യക്കടത്തിന് വിധേയമാക്കുന്ന സംഘടിത കുറ്റകൃത്യ ശൃംഖലകൾ പ്രവർത്തിക്കുന്നതായും ആശങ്ക ഉയരുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിനെതിരെ ശക്തമായ നിയമനടപടികളും സ്കൂളുകളിലും സമൂഹങ്ങളിലും ബോധവത്കരണ പരിപാടികളും അനിവാര്യമാണെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകുമെന്ന് അധികൃതർ അറിയിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്വേഷണം വിപുലീകരിക്കുമെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ നീതി ഉറപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് പൊലീസ് എന്നും അധികൃതർ അറിയിച്ചു.









