തിരുവനന്തപുരത്ത് ന്ധനവുമായി പുറപ്പെട്ട ഗുഡ്‌സ് ട്രെയിനിൽ തീപിടുത്തം
തിരുവനന്തപുരം: തിരുനെൽവേലിയിലേക്കായി ഇരുമ്പനത്ത് നിന്നും ഇന്ധനവുമായി പുറപ്പെട്ട ഗുഡ്‌സ് ട്രെയിനിൽ ഉണ്ടായ തീപിടിത്തം നഗരത്തിൽ വലിയ പരിഭ്രാന്തിക്ക് ഇടയാക്കി.
തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിനടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ടാങ്കർ വാഗണിന്റെ മുകളിൽ തീ പടർന്നതായി കണ്ടത്.
ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിനു മുകളിലെ മൂടിക്കു സമീപം വീണതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ട്രെയിൻ കടന്നുപോകുന്നതിനിടയിൽ ടാങ്കറിനു മുകളിലേക്ക് തീ ഉയരുന്നത് കണ്ട നാട്ടുകാരും യാത്രക്കാരും ഉടൻ തന്നെ ലോക്കോപൈലറ്റിനെ വിവരം അറിയിച്ചു.
തിരുവനന്തപുരത്ത് ന്ധനവുമായി പുറപ്പെട്ട ഗുഡ്‌സ് ട്രെയിനിൽ തീപിടുത്തം
തുടർന്ന് ട്രെയിൻ അടിയന്തിരമായി നിർത്തി. വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
വലിയ അപകടം ഒഴിവായത് സമയോചിതമായ ഇടപെടലിലൂടെയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് തിരുവനന്തപുരം–കൊല്ലം റെയിൽവേ പാതയിൽ ഏകദേശം രണ്ട് മണിക്കൂറോളം ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.
നിരവധി പാസഞ്ചർ ട്രെയിനുകൾ വൈകിയോടുകയും ചില സർവീസുകൾ താൽക്കാലികമായി നിയന്ത്രിക്കുകയും ചെയ്തു. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് തുടർനടപടികൾ സ്വീകരിച്ചത്.
തുടർന്ന് റെയിൽവേ സുരക്ഷാ വിഭാഗവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി വാഗൺ വിശദമായി പരിശോധിച്ചു. പരിശോധനയിൽ വാഗണിലോ ടാങ്കിലോ യാതൊരു തരത്തിലുള്ള കേടുപാടുകളോ ഇന്ധന ചോർച്ചയോ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
ഇന്ധനം പ്രത്യേകം രൂപകൽപന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിലായതിനാൽ ചെറിയ തീപ്പൊരിയോ പുറംഭാഗത്തെ തീപിടിത്തമോ അകത്തുള്ള ഇന്ധനത്തെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
വാഗണിനു മുകളിൽ വീണ കാക്കയുടെ ശരീരത്തിലാണ് തീ കത്തിയതെന്നും ടാങ്കറിനുള്ളിലെ ഇന്ധനവും ടാങ്കും പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.









