പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ
കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ.
നടവയൽ ചീങ്ങോട് പുഞ്ചയിൽ വീട്ടിൽ പി.കെ. ജിനേഷ് (37)-നെയാണ് ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ.ജെ. ജോൺസന്റെ നേതൃത്വത്തിൽ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ച കഴിഞ്ഞാണ് സംഭവം. നടവയൽ അയനിമൂലയിൽ സഹോദരിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്ന വയോധികയുടെ പിന്നിലൂടെയെത്തിയ പ്രതി, മുഖത്ത് മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.
തുടർന്ന് തലയിൽ മുണ്ടിട്ട് മൂടി, കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയുടെ പകുതിയോളം പൊട്ടിച്ചെടുത്ത ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.
അക്രമണത്തിനിടെ വയോധികയുടെ മുഖത്തിനും കഴുത്തിലും നിസാര പരിക്കേറ്റു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Police arrested a 37-year-old man for robbing an elderly woman in Kalpetta, Wayanad, by throwing chilli powder into her face and snatching her gold chain. The accused covered the victim’s head with a cloth before fleeing with part of the chain. Following a detailed investigation, police traced and arrested him, and he has been remanded to custody.









