തിരുവനന്തപുരം: ചികിത്സാ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന വാർത്ത പുറത്ത്.
സർക്കാർ ആശുപത്രികൾ വഴിയും ജൻ ഔഷധി സ്റ്റോറുകൾ വഴിയും വിതരണം ചെയ്യുന്ന വില കുറഞ്ഞ ജനറിക് മരുന്നുകൾ, വിപണിയിലെ വൻകിട ബ്രാൻഡുകളോട് കിടപിടിക്കുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
മിഷൻ ഫോർ എത്തിക്‌സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് (MESH) നടത്തിയ വിപുലമായ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
വില കുറഞ്ഞ മരുന്നുകൾക്ക് ഗുണം കുറവാണെന്ന പൊതുജനങ്ങളുടെ തെറ്റിദ്ധാരണ തിരുത്തി ഡോ. സിറിയക് ആബി ഫിലിപ്‌സിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രീയ പഠനം
മലയാളികൾക്കിടയിൽ കാലങ്ങളായുള്ള ഒരു തെറ്റിദ്ധാരണയാണ് വില കുറഞ്ഞ മരുന്നുകൾക്ക് വീര്യം കുറവായിരിക്കുമെന്നത്.
എന്നാൽ, പ്രശസ്ത ക്ലിനീഷ്യൻ-ശാസ്ത്രജ്ഞനായ ഡോ. സിറിയക് ആബി ഫിലിപ്‌സിന്റെ നേതൃത്വത്തിൽ നടന്ന പഠനം ഈ മിഥ്യാധാരണയെ പൂർണ്ണമായും തള്ളിക്കളയുന്നു.
22 വിവിധ ചികിത്സാ വിഭാഗങ്ങളിലായി 131 മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ, വിലയും മരുന്നിന്റെ ഫലപ്രാപ്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി.
ഒരു രൂപയുടെ ഗുളികയും പത്തു രൂപയുടെ ഗുളികയും ഒരേ ഗുണനിലവാരമാണ് പുലർത്തുന്നതെന്ന് ലാബ് പരിശോധനകൾ സാക്ഷ്യപ്പെടുത്തുന്നു.
ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 14 മടങ്ങ് വരെ ലാഭം; സാധാരണക്കാർക്ക് പ്രതിവർഷം 66,000 രൂപ വരെ ലാഭിക്കാൻ കഴിയുന്ന വിപ്ലവകരമായ കണ്ടെത്തൽ
സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്ന രോഗികൾക്ക് ഈ കണ്ടെത്തൽ വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. വിപണിയിലെ ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് ജനറിക് മരുന്നുകൾക്ക് 5 മുതൽ 14 മടങ്ങ് വരെ വില കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണത്തിന്, പ്രമേഹത്തിനുള്ള മെറ്റ്‌ഫോർമിൻ മരുന്നിന് സ്വകാര്യ ഫാർമസികളിൽ 21 രൂപയിലധികം നൽകുമ്പോൾ ജൻ ഔഷധിയിൽ അത് വെറും 6.60 രൂപയ്ക്ക് ലഭ്യമാണ്.
കാൽസ്യം സപ്ലിമെന്റുകൾക്കും മറ്റും ബ്രാൻഡഡ് കമ്പനികൾ 14 ഇരട്ടി വരെ അധിക വില ഈടാക്കുന്നുണ്ട്.
ഇത്തരം കൊള്ളവില ഒഴിവാക്കി സർക്കാർ മരുന്നുകൾ തിരഞ്ഞെടുത്താൽ ഒരു സാധാരണ കുടുംബത്തിന് വർഷത്തിൽ 66,000 രൂപയിലധികം മിച്ചം പിടിക്കാം.
മോഷണശ്രമത്തിനിടെ എക്സ്സോസ്റ്റ് ഫാനിൽ കുടുങ്ങി കള്ളൻ…! പിടിക്കപ്പെടുമെന്നുറപ്പായതോടെ ഭീഷണിയും
ലോകനിലവാരത്തിലുള്ള ലാബ് പരിശോധനകൾ കടന്ന് കേരളത്തിലെ സർക്കാർ മരുന്നുകൾ; കെഎംഎസ്സിഎൽ വഴി ലഭിക്കുന്ന മരുന്നുകളുടെ വിശ്വാസ്യത ഉറപ്പ്
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL), ജൻ ഔഷധി എന്നിവ വഴി വിതരണം ചെയ്യുന്ന മരുന്നുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.
ഇവയെല്ലാം യുഎസ് എഫ്ഡിഎ അംഗീകരിച്ച യുറീക്ക അനലിറ്റിക്കൽ സർവീസസ് എന്ന ലാബിലാണ് പരിശോധിച്ചത്.
സർക്കാർ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന മരുന്നുകൾക്ക് ബ്രാൻഡഡ് ബദലുകളേക്കാൾ 82 ശതമാനത്തോളം വില കുറവാണെങ്കിലും ഗുണനിലവാരത്തിൽ അവ ഒട്ടും പിന്നിലല്ല.
അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭയരഹിതമായി സർക്കാർ മരുന്നുകളെ ആശ്രയിക്കാമെന്ന് ഡോ. ഫിലിപ്‌സ് ഉറപ്പുനൽകുന്നു.
English Summary
A comprehensive study by the Mission for Ethics and Science in Health (MESH), led by Dr. Cyriac Abby Philips, debunked the myth that low-cost medicines are inferior. Testing 131 drug samples across 22 categories, the study found that generic medicines from Jan Aushadhi and KMSCL are chemically identical and equally effective as branded versions









