മൂന്നാറിൽ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് നാലു പേർക്ക് പരിക്ക്
മൂന്നാർ മാട്ടുപ്പട്ടിയിൽ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് വിനോദസഞ്ചാരത്തിനെത്തിയ നാല് വിദ്യാർഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
തമിഴ്നാട് കരൂർ സ്റ്റാർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രതീഷ്, സഞ്ജയ്, ശബരി, ശബരിനാഥ്, എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
രണ്ട് ബസിലായാണ് ഇവർ മൂന്നാറിലെത്തിയത്. ടൗണിൽ നിന്ന് ജീപ്പിൽ മാട്ടുപ്പട്ടിയിലേക്ക് പോകുന്നതിനിടയിൽ ഹൈറേഞ്ച് സ്കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
എട്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാട്ടുപ്പട്ടി അരുവിക്കാട് സ്വദേശിയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മറ്റ് യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇതിനിടെ പ്രാദേശി സംഘർഷങ്ങളുടെ വാർത്തകൾ വരാൻ തുടങ്ങിയതോടെ മൂന്നാറിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് നന്നെ കുറഞ്ഞു. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ്ങും കുറവാണ്.
മൂന്നാറിൽ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് നാലു പേർക്ക് പരിക്ക്
സഞ്ചാരികൾ എത്താതായതോടെ വൻ മുതൽ മുടക്കിൽ സഞ്ചാരികൾക്ക് സൗഹൃദാന്തരീക്ഷത്തിൽ വ്യാപാര സ്ഥാപനം തുടങ്ങിയവരും കനത്ത നഷ്ടമാണ് നേരിടുന്നത്.
മൂന്നാർ ഉപേക്ഷിച്ച സഞ്ചാരികൾ കുമളിയിലേക്കാണ് കൂടുതലായി എത്തുന്നത്. നഗരത്തിലെ വ്യാപാരികൾ ഉൾപ്പെടെ സഞ്ചാരികളോട് പുലർത്തുന്ന സൗഹൃദ അന്തരീക്ഷമാണ് സഞ്ചാരികളെ കുമളിയിലേക്ക് അടുപ്പിക്കുന്നത്.
പെരിയാർ ടൈഗർ റിസർവ് സഞ്ചാരികൾക്ക് നൽകുന്ന സൗകര്യങ്ങളും ഇടുക്കി രാമക്കൽമേട്,കാറ്റാടിപ്പാടം, ഇടുക്കി ജലാശയം, തമിഴ്‌നാട്ടിലെ കമ്പം-തേനി റൂട്ടുകൾ, മേഘമല എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താം എന്നതും കുമളിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു.
മൂന്നാറിലെ പ്രശ്‌നങ്ങൾക്ക് ശേഷം കുമളിയിൽ തിരക്ക് വർധിക്കുന്നുണ്ടെന്ന് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.









