20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ
പിറവം: ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന വീട്ടമ്മയെ രക്ഷിച്ചത് ജല അതോറിറ്റിയിലെ കരാർ തൊഴിലാളികളാണ്.
ഊരമന പാത്തിക്കൽ സ്വദേശിനിയായ ലിസി ചാക്കോയാണ് ഊരമന അമ്പലംപടി–ആഞ്ഞിലിച്ചുവട് റോഡിൽ അപകടത്തിൽപ്പെട്ടത്.
പിറവം ജല അതോറിറ്റിയിൽ പൈപ്പ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന കരാർ തൊഴിലാളികളായ പിറവം സ്വദേശി കെ.കെ. അശോക്‌കുമാറും ഇടയാർ സ്വദേശി എം.ടി. രാജേഷ്‌കുമാറും ചേർന്നാണ് ലിസിയെ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ പള്ളിയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുത്തനെയുള്ള കയറ്റവും വളവുകളും ചേർന്ന ഭാഗത്താണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്.
പാത്തിക്കൽ തടയണയ്ക്ക് സമീപമുള്ള തോടിന് അരികിലേക്കാണ് കാർ വീണത്. വെള്ളത്തിന്റെ ഉച്ചത്തിലുള്ള ശബ്ദവും ഒഴുക്കും കാരണം വാഹനം മറിഞ്ഞ ശബ്ദമോ ലിസിയുടെ നിലവിളിയോ ആരും കേട്ടില്ല.
പൈപ്പ് ചോർച്ച പരിഹരിക്കാനായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന അശോകും രാജേഷും വഴിമധ്യേ ദൂരെ തലകീഴായി കിടക്കുന്ന കാറിനെ കണ്ടു. ഉടൻ മൺതിട്ടയിലൂടെ ഇറങ്ങി.
വാഹനത്തിൽ എത്തി ഗ്ലാസിനുള്ളിലൂടെ നോക്കിയപ്പോൾ ഗുരുതര പരിക്കുകളോടെ കുടുങ്ങിക്കിടക്കുന്ന ലിസിയെ കണ്ടെത്തി. പിന്നാലെ പാത്തിക്കൽ ജംഗ്ഷനിൽ വിവരം അറിയിച്ചും നാട്ടുകാരുടെ സഹായത്തോടെയും ലിസിയെ പുറത്തെടുത്തു.
കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ലിസി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.