കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് മുടങ്ങിയിട്ട് 5 മാസം. മൂന്ന് പതിറ്റാണ്ടിലേറെയായി താമരശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ 8.15നു പുറപ്പെട്ടിരുന്ന താമരശേരി– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ്, ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സർവീസ് ആയിരുന്നു.∙നിത്യം 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവീസാണ് ജീവനക്കാർ ഇല്ലെന്നു പറഞ്ഞ് പുനഃസ്ഥാപിക്കാത്തത്. താമരശ്ശേരിയിൽ ഡിപ്പോയിൽനിന്ന് മുക്കം, അരീക്കോട്, പട്ടാമ്പി, തൃശൂർ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ബത്തേരി ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തുന്നത്.
സർവീസ് നടത്തിയിരുന്നത് ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി പരിശീലനം ലഭിച്ചവർ ആയിരുന്നതുകൊണ്ട് പരിചയ സമ്പന്നരായ ജീവനക്കാർ ഇല്ലാതെ വന്നതാണ് സർവീസ് നിർത്തിവച്ച് ബസുകൾ ബത്തേരി ഡിപ്പോയ്ക്കു കൈമാറിയതിന് അധികൃതർ പറയുന്ന ന്യായം
ഡ്രൈവർ കം കണ്ടക്ടർ അല്ലാത്ത സാധാരണ ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ഉപയോഗിച്ചും ഈ സർവീസ് നിലനിർത്താൻ കഴിയുമായിരുന്നതായി ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ സർവീസ് നടത്തിയിരുന്ന ഒരു ബസ് കഴിഞ്ഞ മേയിലും ഒരു ബസ് ജൂണിലുമാണ് ഡിപ്പോയിൽ നിന്നു കൊണ്ടുപോയത്.
കോവിഡ് കാലത്ത് നിർത്തലാക്കിയ മറ്റ് സർവീസുകളും പുനഃസ്ഥാപിച്ചിട്ടില്ല. താമരശ്ശേരിയിൽനിന്നു വൈകിട്ട് 7.20ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ്, രാത്രി 9ന് കോഴിക്കോട് വഴിയുള്ള തിരുവനന്തപുരം എക്സ്പ്രസ് സർവീസ് എന്നിവയും മുടങ്ങിക്കിടക്കുകയാണ്. തിരുവനന്തപുരം സർവീസ് നടത്തിയിരുന്ന എക്സ്പ്രസ് ബസുകൾ ഇപ്പോൾ ബത്തേരി ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തുന്നതായാണ് വിവരം.
ഒരു കോയമ്പത്തൂർ സർവീസും 4 എറണാകുളം സർവീസുമാണ് നിലവിൽ താമരശ്ശേരി ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര ബസുകൾ. ബത്തേരി, മാനന്തവാടി റൂട്ടിൽ ഏതാനും ടിടി സർവീസുകളും നടത്തുന്നുണ്ട്. ചെമ്പുകടവ്–കോട്ടയം, താമരശ്ശേരി–പമ്പാവാലി, കട്ടിപ്പാറ–കോട്ടയം തുടങ്ങിയ സർവീസുകളും വർഷങ്ങൾക്കു മുൻപ് നിർത്തിയതാണ്. പുതിയ ബസുകൾ അനുവദിക്കുമ്പോഴും താമരശ്ശേരി ഡിപ്പോയ്ക്ക് അവഗണന മാത്രമാണ് ലഭിക്കുന്നത്.
English summary:40,000 per day income; 5 months since the suspension of the Thamarashery- Thiruvananthapuram service; Travelers looking for reasons for non-restoration