തിരുവനന്തപുരം: നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാർ, ദീപക് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി നൽകുമെന്ന വാഗ്‌ദാനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റൽ എന്ന പേരിൽ ആരംഭിച്ച കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്.
നടൻ കൊല്ലം തുളസിയിൽ നിന്ന് ആദ്യം രണ്ടു ലക്ഷം രൂപ വാങ്ങി പ്രതികൾ നാലു ലക്ഷമായി തിരിച്ചു നൽകിയിരുന്നു. പിന്നീട് 4 കൊടുത്ത് അത് 8 ലക്ഷമായി തിരിച്ചു കൊടുത്തു. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെ പ്രതികൾക്ക് 20 ലക്ഷം രൂപ നടൻ കൈമാറുകയായിരുന്നു.
പണം കൈക്കലാക്കിയതോടെ പ്രതികൾ ഒളിവിൽ പോയി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
അച്ഛനും മകനും ചേർന്ന് നടത്തിയ തട്ടിപ്പിൽ നിരവധി പേർ ഇരകളായെന്നും പോലീസ് കണ്ടെത്തി. രണ്ടു വർഷമായി ഇവർ ഒളിവിലായിരുന്നു. ഡൽഹിയിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷൻ, ശ്രീകാര്യം, വട്ടിയൂർകാവ് സ്റ്റേഷൻ എന്നിവിടങ്ങളിലും കേസുകൾ ഉണ്ട്.
Read Also:അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ച് പ്രതികരണം: ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ രൂക്ഷ സൈബർ ആക്രമണം