ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ്
ലക്നൗ: ഭിന്നശേഷി സർട്ടിഫിക്കറ്റും നീറ്റ് (NEET) പ്രവേശനത്തിനുള്ള ആനുകൂല്യങ്ങളും നേടുന്നതിനായി 24 വയസ്സുകാരൻ സ്വന്തം ഇടത് കാൽപ്പാദത്തിന്റെ ഭാഗം മുറിച്ചുമാറ്റിയെന്ന ഗുരുതര ആരോപണം ഉത്തർപ്രദേശിൽ പുറത്ത് വന്നു.
കിഴക്കൻ ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഖാലിപൂർ സ്വദേശിയായ സുരാജ് ഭാസ്കറാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ കേന്ദ്രബിന്ദു.
ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം) കോഴ്സ് പൂർത്തിയാക്കിയ ശേഷം എംബിബിഎസ് പ്രവേശന ലക്ഷ്യത്തോടെ നീറ്റിന് തയ്യാറെടുക്കുകയായിരുന്ന സുരാജ്, ജനുവരി 18നാണ് പൊലീസിൽ പരാതി നൽകിയത്.
താൻ അജ്ഞാതരായ രണ്ട് പേരുടെ ആക്രമണത്തിന് ഇരയായെന്നും ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ടതായും സുരാജ് പരാതിയിൽ പറഞ്ഞു.
പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയപ്പോൾ ഇടത് കാൽപ്പാദത്തിന്റെ വലിയൊരു ഭാഗം മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നുവെന്നും കാൽമുട്ടിന് താഴെ ചെറിയ ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്നും ഇയാൾ മൊഴി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വധശ്രമക്കുറ്റം ചുമത്തി രണ്ട് അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ അന്വേഷണത്തിനിടെ സുരാജിന്റെ മൊഴികളിൽ വ്യക്തമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് കേസിന്റെ ഗതി മാറിയത്.
പിന്നാലെ സുരാജിന്റെ കാമുകിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം പുറത്തുവരുന്നത്.
എംബിബിഎസ് കോഴ്സിലേക്ക് പ്രവേശനം നേടണമെന്ന തീവ്ര ആഗ്രഹമാണ് ഈ കടുംകൈയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ.
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ലഭിക്കുന്ന നീറ്റ് ആനുകൂല്യങ്ങൾ നേടാൻ സുരാജ് ശ്രമിച്ചിരുന്നുവെന്നും ഒക്ടോബറിൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ (BHU) വൈകല്യ സർട്ടിഫിക്കറ്റ് നേടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്നുള്ള പരിശോധനയിൽ സുരാജ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നും സ്വയം കാൽ മുറിച്ചുമാറ്റിയതാണെന്നുമാണ് പൊലീസ് നിഗമനം.
നിർമാണം നടക്കുന്ന വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിൽ മുറിച്ചുമാറ്റിയ കാൽപ്പാദം കണ്ടെത്താനായില്ല. അതേസമയം, അനസ്തീസിയയുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ചില സിറിഞ്ചുകൾ സമീപത്തെ പറമ്പിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വേദന കുറയ്ക്കുന്നതിനായി ആദ്യം സ്വയം അനസ്തീസിയ കുത്തിവച്ച ശേഷം കാൽ മുറിച്ചുമാറ്റിയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗുരുതരമായ ഈ സംഭവത്തിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.









