വയനാട്: സംസ്ഥാനത്ത് വ്യാപകമായി കാട്ടാനയുടെ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു. വയനാട് നൂൽപ്പുഴയിലും ഇടുക്കി മാങ്കുളത്തുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വയനാട്ടിൽ ആദിവാസി യുവാവ് മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണ് പരിക്കേറ്റത്. നാരായണന്‍റെ പുറത്തും കാലിനും പരിക്കേറ്റു. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം വിറക് ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നാരായണനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ഇടുക്കി മാങ്കുളത്ത് കുറത്തിക്കുടി സ്വദേശികളായ രവി, ഭാര്യ അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുചക്ര വാഹനത്തിൽ വരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പെരുമ്പൻ കുത്തിനും കുറത്തിക്കുടിക്കും ഇടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായി. ബൈക്ക് യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പാഞ്ഞെത്തിയ കാട്ടാനകൂട്ടം ബൈക്ക് തകർത്തു. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണതിനെ തുടർന്ന് കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കിണറ്റിൽ വീണ ആനയെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കിണറിടിച്ച് പുറത്തുകടത്തി, കാട്ടിലേക്ക് തുരത്തുകയായിരുന്നു. വനംവകുപ്പിൻ്റെ ഔദ്യോഗിക വാഹനത്തിന് നേരെയും ആനക്കൂട്ടം പരാക്രമം കാട്ടി.