കൊല്ലത്ത് തീരത്തോടടുത്ത് തിമിംഗലസ്രാവ് കുടുങ്ങി; രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ
കൊല്ലം: പരവൂർ-തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്ത് ചൊവ്വാഴ്ച രാവിലെ വലയിൽ കുടുങ്ങിയ തിമിംഗലസ്രാവിനെ മത്സ്യത്തൊഴിലാളികൾ, വനംവകുപ്പ്,
തീരസംരക്ഷണ പോലീസ് എന്നിവരുടെ സംയുക്ത ഇടപെടലിൽ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് വിട്ടു. നാല് മീറ്ററോളം നീളമുള്ള ഈ തിമിംഗലഷാർക്ക് ‘ഷോർ സൈനർ’ കമ്പവലയിൽ പെട്ടാണ് കരയ്ക്കടിഞ്ഞത്.
തുടർന്ന് നാല് മണിക്കൂറിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് സുരക്ഷിതമായ ഇടത്തേക്ക് തിരികെ വിട്ടത്.
കൊല്ലം ജില്ലയിൽ രേഖപ്പെടുത്തിയ ആദ്യത്തെ തിമിംഗലസ്രാവ് രക്ഷാപ്രവർത്തനമാണിത്. മാസങ്ങൾക്ക് മുമ്പ് മുക്കാട് പള്ളിക്ക് സമീപം തിമിംഗലസ്രാവ് ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗലഷാർക്ക് (റൈൻകോഡൻ ടൈപ്പസ്) 18 മീറ്റർ നീളവും 21 ടൺ ഭാരവും കൈവരിക്കുന്ന ജീവിയാണ്.
ശരീരത്തിലെ പുള്ളിപ്പാടുകൾ, വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ഞണ്ട് കൊഞ്ച് ഇനത്തിൽ പെട്ടതിനേയും മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ ഉപയോഗിച്ച് അരിച്ചെടുത്താണ് ആഹാരമാക്കുന്നത്.
മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം കാണാം. ഉഷ്ണമേഖലാ സാഗരങ്ങളിൽ വ്യാപകമായി കണ്ടുവരുന്നുവെങ്കിലും ആവാസവ്യവസ്ഥ നശിക്കൽ, അനധികൃത മത്സ്യബന്ധനം, ആകസ്മികമായി വലയിൽ കുരുങ്ങൽ തുടങ്ങിയ ഭീഷണികൾ ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ടെന്ന് ഫാത്തിമാമാതാ നാഷണൽ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ.പി.ജെ.സർളിൽ പറഞ്ഞു.
ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ശരീരത്തിൽ കാണാം.
ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് തല. വളരെ ദൂരം സഞ്ചരിക്കുന്നവയാണ്. നവംബർ മാസത്തിൽ ഗുജറാത്ത് തീരത്തു നിന്നും ഇങ്ങോട്ട് ഇവയുടെ ദേശാടനം ഉള്ളതാണ്.
തിമിംഗല സ്രാവു കുടുങ്ങിയ വല നശിച്ചാൽ 25000 രൂപ നഷ്ടപരിഹാരം ഉടനെ നൽകും
: 2017-ൽ വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കേരള വനംവകുപ്പുമായി സഹകരിച്ച് കേരള തീരത്ത് തിമിംഗലഷാർക്ക് സംരക്ഷണ ക്യാമ്പയിൻ ആരംഭിച്ചിരുന്നു.
അതിന്റെ ഭാഗമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മത്സ്യത്തൊഴിലാളികൾക്ക് വല നാശനഷ്ടങ്ങൾക്ക് പകരമായി വെൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ 25,000 രൂപ അടിയന്തര ധനസഹായം നൽകുന്നുണ്ട്.
മത്സ്യത്തൊഴിലാളി സമൂഹത്തെ ബോധവത്ക്കരിക്കുക, രക്ഷാപ്രവർത്തന ശൃംഖല ശക്തിപ്പെടുത്തുക, തീരദേശങ്ങളിൽ സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.









