റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായാണ് നിയമ സഹായ സമിതിക്ക് ലഭിച്ച വിവരം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷത്തോളമായി ജയിൽവാസം അനുഭവിക്കുകയാണ് റഹീം.
ഇത് പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്റിങ്ങിൽ എന്നത്തെയുംപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും, പ്രതിഭാഗം അഭിഭാഷകരും, ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ഒന്നര കോടി സൗദി റിയാൽ ദിയാധനമായി നൽകിയതിനെ തുടർന്ന് റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. പക്ഷെ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാലാണ് മോചന കാര്യം നീളുന്നത്.
മോചനത്തിനായുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നായിരുന്നു. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെ കേസ് പരിഗണിച്ചിരുന്നു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് കേസ് വീണ്ടും മാറ്റുകയായിരുന്നു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷത്തോളമായി റിയാദിലെ ഇസ്‌കാനിലെ ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
പിന്നീട്ട് ഒന്നര കോടി സൗദി റിയാൽ ദിയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാലാണ് മോചന ഉത്തരവ് നീളുന്നത്.