സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം , മാത്രമല്ല ചിത്രത്തിൽ അണിനിരക്കുന്നതെല്ലാം യുവാക്കളുടെ മനസ്സിൽ കൊത്തിവെച്ച താരങ്ങൾ. നിവിൻ പൊളി , അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയവർക്കൊപ്പം വിനീത് ചിത്രത്തിൽ എത്തും എന്നത് ആരാധകർക്ക് ആകാംഷ കൂട്ടുകയാണ്.
ഇപ്പോഴിതാ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും എംജിആറിന്റെ കട്ടൗട്ടിന് മുന്നിൽ ആവേശത്തോടെ നിൽക്കുന്നത് പോസ്റ്ററിൽ കാണാം. കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ,ആസിഫ് അലി എന്നിവർ ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഫസ്റ്റ് ലുക്ക് കണ്ട് ഏറെ പ്രതീക്ഷയിലാണ് ആരാധകർ . ചിത്രം 2024 ഏപ്രിലിൽ ലോകമെമ്പാടുമുള്ള തിയറ്റുകളിൽ റിലീസ് ചെയ്യും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തിൻറെ സെറ്റ് വർക്കുകൾക്ക് മാത്രമായി മൂന്നു മാസത്തോളം സമയമെടുത്തിരുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്‌ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിർമാണം.