ഉത്തരാഖണ്ഡ് : ഉത്തരകാശി ജില്ലയിൽ ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഇത് വരെ ഒരാളെ പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.തുരങ്കത്തിൽ കുടുംങ്ങി കിടക്കുന്ന നാൽപ്പത് പേരിൽ പലരുടേയും ആരോഗ്യനില ഗുരുതരമായി തുടങ്ങി. തൊഴിലാളികൾക്ക് തലവേദനയും ഛർദ്ദിയും ആരംഭിച്ചു. ഉത്തരകാശിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ആർസിഎസ് പൻവാർ ബുധനാഴ്ച തുരങ്കത്തിലെ തൊഴിലാളികളുമായി വാക്കിടോക്കിയിലൂടെ സംസാരിച്ചു. ഇവർക്ക് ആവിശ്യമായ മരുന്നുകൾ പൈപ്പ് മാർഗം തുരങ്കത്തിന് അകത്ത് എത്തിച്ചിട്ടുണ്ട്.മൾട്ടിവിറ്റാമിനുകൾ, ഗ്ലൂക്കോസ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയും കൃത്യമായ ഇടവേളകളിൽ നൽകി വരുന്നു. വായുവും ഭക്ഷണവും നൽകാനായി സ്ഥാപിച്ച ആറിഞ്ച് പൈപ്പ് വഴിയാണ് ഇതെല്ലാം എത്തിക്കുന്നത്. ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ച്ചയാണ് തകർന്ന് വീണത്. തുരങ്കത്തിന് സമീപം ആറ് കിടക്കകളുള്ള താൽക്കാലിക ആശുപത്രി സ്ഥാപിച്ചു. രക്ഷാപ്രവർത്തനത്തിലൂടെ പുറത്ത് എത്തുന്നവർക്ക് അടിയന്തര ചികിത്സ ഇത് വഴി ഉറപ്പാക്കാൻ കഴിയും. ഗുരുതരമായ ആരെങ്കിലും ഉണ്ടെങ്കിൽ ഋഷികേശിലെ എയിംസ് കേന്ദ്രത്തിലേയ്ക്ക് മാറ്റും.
സൈന്യത്തിന്റെ സഹായം
അറുപതടി വീതിയിലാണ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് വീണത്. ഉത്തരാഖണ്ഡിലെ ദുരന്തനിവാരണസേനയുടെ പക്കൽ നാൽപ്പതടി തുരങ്കാനുള്ള യന്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ദില്ലിയിൽ നിന്നും പ്രത്യേക യന്ത്രം വിമാനമാർഗം എത്തിച്ചു. വ്യോമസേനയുടെ ഹെർക്കുലീസ് വിമാനത്തിൽ സൈന്യത്തിന്റെ സഹാത്താലാണ് യന്ത്രഭാഗങ്ങൾ എത്തിച്ചത്.
ഉത്തരാഖണ്ഡ് വിമാനത്താവളത്തിൽ എത്തിച്ച യന്ത്രഭാഗങ്ങൾ ഇന്നലെ അർദ്ധരാത്രിയോടെ അപകട സ്ഥലത്ത് എത്തിച്ചു. മണ്ണിടിഞ്ഞ് വീണ ഒരു ഭാഗം തുരന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കാനാണ് ശ്രമം.
അതേ സമയം രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് സംഭവസ്ഥലത്ത് തൊഴിലാളികൾ പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാനും സർക്കാർ പ്രതിനിധികൾ ശ്രമിക്കുന്നുണ്ട്. ദേശിയ മാധ്യമങ്ങൾ വാർത്ത നൽകുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലെ ദേശിയപാത അതോറിട്ടിയാണ് തുരങ്ക നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. അപകടം നടന്നത് ഇവരുടെ കഴിവ് കേടാണന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
Read Also : മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ല. പാർട്ടി പ്രവർത്തനത്തിനായി പരസ്യം ചെയ്ത് സിപിഎം