ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാണ നൽകിയ അപേക്ഷ കോടതി തള്ളി. പാകിസ്താൻ വംശജനായ മുസ്ലീമായതിനാൽ ഇന്ത്യ തന്നെ പീഡിപ്പിക്കുമെന്നായിരുന്നു പ്രതി കോടതിയെ അറിയിച്ചത്.
റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് കഴിയുന്നത്. കനേഡിയൻ പൗരനായ പ്രതിയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഇത് പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. പാകിസ്താൻ വംശജനായ തഹാവൂർ റാണ കനേഡിയൻ പൗരനാണ്. പാകിസ്താനിലെ സൈനിക ഡോക്ടറായിരുന്ന റാണ പിന്നീടാണ് കാനഡയിലേക്ക് മാറി പൗരത്വം നേടിയത്. 2008 നവംബർ 26-നാണ് മുംബൈ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടും. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.