ഫോൺപേ, ഗൂഗിൾ പേ സൗജന്യ സേവനം നിർത്തിയേക്കും; സൂചന നൽകി ആർ ബി ഐ
ന്യൂഡൽഹി: ഫോൺപേ, ഗൂഗിൾ പേ പോലുള്ള യുപിഐ (UPI) പ്ലാറ്റ്ഫോമുകളിൽ ഇടപാടുകൾ ഇനി സൗജന്യമാകാതെ പോവുമോ എന്ന ആശങ്ക ഉയരുന്നു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ പുതിയ പരാമർശങ്ങളാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് വഴി വെച്ചത്.
യുപിഐ ഇടപാടുകൾ എപ്പൊഴും സൗജന്യമായിരിക്കുമെന്നത് ഒരു ധാരണ മാത്രമാണ്, യാഥാർത്ഥ്യം അതിനേക്കാൾ വാസ്തവപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുപിഐ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്കും പെയ്‌മെന്റ് ഗേറ്റുകൾക്കും വലിയ ചെലവുകളാണ് ഉണ്ടാകുന്നത്. ഈ ചെലവ് ഇപ്പോൾ ബാങ്കുകളും പെയ്‌മെന്റ് അഗ്രഗേറ്റർമാരും ഏറ്റുവാങ്ങുകയാണ്. എന്നാൽ ഈ മോഡൽ ദീർഘകാലത്തേക്ക് നിലനിർത്താൻ കഴിയില്ല. അതിനാൽ തന്നെ സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക അനിവാര്യമാണെന്നും ഉപഭോക്താക്കളോ സ്ഥാപനങ്ങളോ അല്ലെങ്കിൽ സർക്കാരോ ചേർന്ന് ഈ ചെലവ് ഭാഗികമായി വഹിക്കേണ്ടിവരുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്വകാര്യ ബാങ്കായ ഐസിഐസിഐ (ICICI Bank) ഇതിനോടകം തന്നെ യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പെയ്‌മെന്റ് അഗ്രഗേറ്റർമാർക്ക് ചെറിയ പ്രോസസ്സിങ് ഫീസുകൾ അടക്കമാക്കിയിട്ടുണ്ട്. ഇത് മറ്റു സ്ഥാപനങ്ങൾക്കും മാതൃകയാകുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്.
ഐഎംഎഫിന്റെ (IMF) കണക്കുകൾ പ്രകാരം, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് ഇനിഷ്യേറ്റീവാണ് ഇന്ത്യയുടെ യുപിഐ സംവിധാനം. ഇന്ത്യയിലെ 85 ശതമാനത്തോളം ഡിജിറ്റൽ ഇടപാടുകളും ആഗോളതലത്തിൽ ഏകദേശം 60% ഇടപാടുകളും യുപിഐ വഴി നടക്കുന്നതാണ്.
ഉപഭോക്താക്കൾക്ക് നിലവിൽ സൗജന്യമായി ലഭിക്കുന്ന ഈ സേവനങ്ങൾ ഭാവിയിൽ ചിലവേറിയതാകുമോ എന്ന ആശങ്ക ഇനി കൂടുതൽ ചർച്ച ചെയ്യപ്പെടാനാണ് സാധ്യത.
യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി?
ന്യൂഡൽഹി: രണ്ടായിരം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ പദ്ധതിയിടുന്നില്ലെന്ന് ധനമന്ത്രാലയം. രാജ്യസഭയിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രം.
‘രണ്ടായിരം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടില്ല,’- രണ്ടായിരം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. മൺസൂൺ സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ മറുപടി.
ജിഎസ്ടി കൗൺസിലിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി നിരക്കുകളും ഇളവുകളും തീരുമാനിക്കുന്നതെന്നും മന്ത്രി രാജ്സഭയെ അറിയിച്ചു. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് കർണാടകയിലെ വ്യാപാരികൾക്ക് ഏകദേശം 6,000 ജിഎസ്ടി ഡിമാൻഡ് നോട്ടീസുകൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ചോദ്യം ഉയർന്നത്.
പണം സ്വീകരിക്കുന്നത് യുപിഐ വഴിയാണോ…?
യുപി ഐ ഇടപാടുകളുടെ പേരിൽ ബംഗളുരൂവിലെ ചെറുകിട വ്യാപാരികൾക്ക് വൻ തുകയുടെ നികുതി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് രാജ്യമെങ്ങുമുള്ള വ്യാപാരികൾ ഭീതിയിൽ.
2021 മുതലുള്ള കണക്കുകൾ പ്രകാരം 40 ലക്ഷം രൂപയിലധികം തുകയുടെ ഇടപാടുകൾ നടന്നവർക്കാണ് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. ഇതോടെ വ്യാപാരികൾ പലരും ഡിജിറ്റൽ പണം ഇടപാടുകൾ ബഹിഷ്‌കരിച്ചു.
ഇതോടെ എസ്ബിഐ റിസർച്ച് വിഭാഗവും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവന്ന് ക്രമവത്കരിക്കാൻ ശ്രമിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് എസ്ബിഐ റിസർച്ച് നിർദേശിക്കുന്നു.
ചെറുവരുമാനക്കാരിലേക്ക് ജിഎസ്ടി സംവിധാ നം അടിച്ചേൽപ്പിക്കുന്നത് അസംഘടിത മേഖല കറൻസി കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ജിഎസ്ടി യുടെ എട്ടുവർഷത്തെ പുരോഗതി വിലയിരുത്തിയുള്ള റിപ്പോർട്ടിൽ കർണാടകയിൽ അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്ബിഐ ഇക്കാര്യം പറയുന്നത്.
കറൻസി ഇടപാടുകൾ വീണ്ടും വരുന്നത് ഇത് ജിഎസ്ടിയുടെയും ഡിജിറ്റൽ ഇടപാടുകളുടെയും മുന്നേറ്റത്തിനു തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങളുടെ യഥാർഥ ചിത്രം കണ്ടെത്തുന്നതിനും നികുതിവെട്ടിപ്പുകൾ കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നല്ലതുതന്നെ. എന്നാൽ, ഇത്തരം നടപടികൾ സന്തുലിതവും സൂക്ഷബോധത്തോടെയുമാകണം സ്വീകരിക്കേണ്ടത്.
പ്രകോപനപരമായ രീതിയിൽ പരിശോധനകൾ നടപ്പാക്കാൻ തുടങ്ങിയാൽ ചെറുകിട സംരംഭകർ അസംഘടിതമായ കറൻസി ഇടപാടുകളിലേക്കു മടങ്ങിപ്പോകാനിടയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ ക്രമവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
രാജ്യത്തെ സാമ്പത്തിക പ്രവർത്തന ങ്ങൾക്ക് കൃത്യമായ കണക്കുണ്ടാക്കുന്നതിനും വരുമാനം ഉയർത്തുന്നതിനും ജി എസ്ടി ശക്തമായ അടിത്തറയായിട്ടുണ്ട്. ശിക്ഷിക്കുന്നതിനു പകരം ചെറുകിട വ്യാപാരികളെയടക്കം ശക്തിപ്പെടുത്തണം.
എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുമ്പോഴേ ദീർഘകാലാടിസ്ഥാനത്തിൽ ഈ ശ്രമങ്ങൾ വിജയിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ ചെറുകിട വ്യാപാരികൾക്ക് നോട്ടീസ് ലഭിച്ച വിവരം രാജ്യമെങ്ങും വാർത്ത ആയതിനെ തുടർന്ന് വ്യാപാരികൾ പലരും യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല
English Summary :
Will UPI transactions remain free? RBI Governor Sanjay Malhotra hints at possible service charges, citing high operational costs. Here’s what it means for digital payments in India.