പള്ളിക്കര: വീട്ടുവളപ്പിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ വളർത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. കുന്നത്തുനാട് പഞ്ചായത്തിലെ 10ാം വാർഡ് വെമ്പിള്ളിയിലാണ് സംഭവം. വീട് വാടകക്കെടുത്ത് 30ലധികം തെരുവ് നായ്ക്കളെയാണ് ഇത്തരത്തിൽ വളർത്തുന്നത്. പറക്കോട് വെമ്പിള്ളി റോഡിനോട് ചേർന്ന വീടിൻറെ മതിലിന് ചുറ്റും ഷീറ്റുകൊണ്ട് മറച്ചാണ് നയ വളർത്തലെന്ന് നാട്ടുകാർ പറയുന്നു.
പട്ടികളുടെ കൂട്ടത്തോടെയുള്ള കുരയും, ദുർഗന്ധവും മൂലം പരിസരത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതേതുടർന്ന് കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, കലക്ടർ, റവന്യൂ വകുപ്പ്, ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്.
തുടർന്ന് പരാതിയെ അടിസ്ഥാനമാക്കി പഞ്ചായത്ത് ഇടപെട്ട് ഏഴുദിവസത്തിനകം വീട് ഒഴിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി അഞ്ചിന് സ്റ്റോപ് മെമോ നൽകിയിരുന്നു. ജനവാസ മേഖലയിൽ നായ്ക്കളെ കൂട്ടത്തോടെ താമസിപ്പിക്കരുതെന്നും, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മെമോ. വീട്ടുടമയ്ക്കും, വാടകക്കാരനും ഇത്തരത്തിൽ മെമോ നൽകി. പക്ഷെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വാർഡ് അംഗം പ്രസന്ന പറഞ്ഞു.
കഴിഞ്ഞ ദിവസം കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കുന്നത്തുനാട് വില്ലേജ് ഓഫിസർ ആലീസിൻറെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ചിരുന്നു. ഇതിൻറെ ഭാഗമായി ആർ.ഡി.ഒക്കും കലക്ടർക്കും ബുധനാഴ്ച റിപ്പോർട്ട് നൽകും. ഇത്തരത്തിൽ നായ്ക്കളെ കൂട്ടമായി വളർത്താൻ അനുവാദമില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്നും അവർ പറഞ്ഞു.അതേസമയം നാട്ടുകാർ നായ്ക്കളെ ഉപദ്രവിക്കുകയാണെന്ന് കാണിച്ച് വാടകയ്ക്ക് താമസിക്കുന്നവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.