തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം ∙ ഏറെ വിവാദമായ തൊണ്ടിമുതൽ കൃത്രിമം കേസിൽ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് ആന്റണി രാജുവും കേസിലെ ഒന്നാം പ്രതിയായ കോടതി ക്ലർക്കായ കെ.എസ്. ജോസും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കേസെടുത്തതിന് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കുശേഷവും, കുറ്റപത്രം സമർപ്പിച്ചതിന് 19 വർഷങ്ങൾക്കുശേഷവുമാണ് വിധി പുറത്തുവരുന്നത്.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷപ്പെടുത്താൻ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നതാണ് കേസ്.
സാൽവദോറിനെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും, പിന്നീട് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു.
ഈ വിട്ടയക്കലിൽ നിർണായകമായത് കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിന്റെ അളവിൽ ഉണ്ടായ വ്യത്യാസമായിരുന്നു.
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
സാൽവദോറിന്റെ അഭിഭാഷകയുടെ ജൂനിയറായി പ്രവർത്തിച്ചിരുന്ന ആന്റണി രാജു, കോടതി ക്ലർക്കായ കെ.എസ്. ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ തിരികെ വെച്ചുവെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
തെളിവായി ഹാജരാക്കിയ അടിവസ്ത്രം പാകമാകാത്തതാണെന്ന വാദമാണ് ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായത്.
പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ സാൽവദോർ സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി നടന്ന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ 1994ൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ സൂക്ഷിച്ചിരുന്ന തെളിവിൽ കൃത്രിമം നടന്നുവെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കെ.എസ്. ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചു.
വിചാരണ അന്തിമഘട്ടത്തിലെത്തിയപ്പോൾ വഞ്ചനാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് ആ വകുപ്പ് കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിചാരണ തുടരാൻ കോടതി നിർദേശിക്കുകയായിരുന്നു.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നുവെങ്കിലും 19 പേരുടെ മാത്രമാണ് മൊഴിയെടുത്തത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഒടുവിൽ വിധി പ്രസ്താവിച്ചത്.









