നിങ്ങൾക്കൊരു കാർ വാങ്ങാൻ ആഗ്രഹമില്ലേ? അനുദിനം കാറുകളുടെ സാങ്കേതിക വിദ്യ വളരുന്ന കാലത്ത് ഏതു കാർ തെരഞ്ഞെടുക്കും? ഒരു പെട്രോൾ എൻജിൻ ആയാലോ? ഇപ്പോഴത്തെ പെട്രോൾ വിലയിൽ ഒരു പെട്രോൾ കാർ എടുക്കണോ? എന്നാൽ പിന്നെ ഡീസൽ ആയാലോ? അതും വിശ്വസിക്കാൻ പറ്റില്ല പത്ത് വർഷത്തിൽ ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്ന് അപ്രത്യക്ഷമാകുമോ? അങ്ങനെയെങ്കിൽ പിന്നെ ഇവി ആയാലോ? എന്താണ് ഹൈബ്രിഡ്? അങ്ങനെ നൂറുനൂറു സംശയങ്ങൾ…
ആകെ ഒരു കൺഫ്യൂഷൻ അല്ലേ. നിലവിൽ നമുക്ക് പെട്രോൾ മാത്രം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്ലെന്നതാണ് യാഥാർഥ്യം. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ഉപയോഗിച്ചാണ് നിലവിൽ പെട്രോൾ ലഭിക്കുന്നത്. ഡീസലിലും സമാനമായ മാറ്റം വരാനിരിക്കുകയാണ്. 85 ശതമാനം എഥനോൾ ഉൾപ്പെടെയുള്ള മിശ്രിതം ഉൾപ്പെട്ടവയാണ് ഫ്‌ളക്‌സ് ഫ്യൂവലുകൾ. ഇത്തരത്തിൽ ഒന്നിലേറെ ഇന്ധനങ്ങളുടെ സംയുക്തങ്ങൾ ഉപയോഗിക്കുന്ന എൻജിനുകളാണ് ഫ്‌ളക്‌സ് ഫ്യൂവൽ എൻജിനുകൾ എന്നറിയപ്പെടുന്നത്.
ഇവയ്ക്ക് പുറമേ പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാൻ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും വിപണിയിലുണ്ട്. ഭാവി മുന്നിൽ കണ്ട് നാം ഏത് ഇന്ധനമാണ് തിരഞ്ഞെടുക്കേണ്ടത്. ഒറ്റവാക്കിൽ ഇലക്ട്രിക് വാഹനങ്ങൾ മതിയെന്ന് പറയുന്നവർ ഏറെയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകി വരുന്ന സബ്‌സിഡി മുതൽ ഇന്ധന ചെലവിൽ ഇവിയിൽ നിന്ന് നേടാൻ സാധിക്കുന്ന സാമ്പത്തിക ലാഭം വരെയാണ് ഇങ്ങനെ പറയാൻ കാരണം. എന്നാൽ ഇവി നമുക്ക് പൂർണ്ണമായും ആശ്രയിക്കാവുന്ന വാഹനമാണോഎന്നു ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. കാരണം ഇവിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം വരാനിരിക്കുന്ന ബാറ്ററി റീപ്ലേസ്‌മെന്റിൽ നഷ്ടമാകും എന്നതു തന്നെ.
ഉപയോക്താക്കളും ഇലക്ട്രിക് വാഹനങ്ങൾ ഉപേക്ഷിച്ച് പെട്രോൾ, ഡീസൽ കാറുകളിലേക്ക് മടങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ വൈദ്യുത വാഹന നയം വേണ്ടത്ര ആലോചനകളില്ലാതെയാണ് നടപ്പിലാക്കിയതെന്നും വേണ്ടത് പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാഹനങ്ങളാണെന്നും ചില പ്രതിപക്ഷ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടത് ചർച്ച വിപുലമാക്കി.
കൂടാതെ ഇവിയുടെ മെയിന്റനൻസ് ചാർജ്ജുകൾ ഒരു സ്ഥലത്തും ചർച്ചയാകാറുമില്ല. ഇവയ്‌ക്കെല്ലാം പുറമേ ഇവിയ്ക്ക് നിലവിൽ 5ശതനമാനം മാത്രം ജിഎസ്ടിയാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ജിഎസ്ടി 28 ശതമാനമാണ്.
ഇത് മാത്രമല്ല, ചാർജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തയും ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയവും ഇവിയെ പൂർണ്ണമായി ആശ്രയിക്കാൻ സാധിക്കില്ലെന്നതിന്റെ തെളിവുകളാണെന്ന് വിദഗ്ദർ പറയുന്നു. കൂടാതെ ഇവിയ്ക്ക് നൽകി വരുന്ന സബ്‌സിഡി സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്ത് കഴിഞ്ഞു.
പരിസ്ഥിതി മലിനീകരണവും രാജ്യത്തിന്റെ വളർച്ചയും കണക്കിലെടുത്താണ് പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിരവധി വർഷങ്ങളായി പരിശ്രമിക്കുന്നത്. എന്നാൽ പെട്രോൾ-ഡീസൽ വാഹനങ്ങൾ രാജ്യത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് അതിനുത്തരം.
ഇനിയുള്ള കാലത്ത് ഫ്‌ളക്‌സ് ഫ്യുവൽ എൻജിനുകളും ഹൈബ്രിഡ് ടെക്‌നോളജിയും ഉപയോഗിക്കുന്നതാണ് ഏറെ ഗുണകരമാകുകയെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇവ പരിസ്ഥിതി പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭവും നേടി തരുന്നു.
കാലങ്ങളായി ഉപയോഗിച്ചുവന്ന ഇന്റേണൽ കമ്പസ്റ്റൻ എഞ്ചിനുകളിൽ നിന്നും ഇലക്ട്രിക് മോട്ടോറുകളിലേക്ക് വാഹനനിർമാതാക്കൾ മാറാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കാൻ കഴിയുന്നതും പ്രകൃതിക്കിണങ്ങിയതുമായ മാറ്റമാണിതെന്നും ചിലർ പറയുന്നു.
ആഗോള വാഹന വിപണിയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഫോർഡും ജനറൽ മോട്ടോഴ്സും ഇന്റേണൽ കമ്പസ്റ്റൻ എഞ്ചിനുകളിലേക്ക് മടങ്ങുകയാണെന്ന വാർത്തയും അടുത്തിടെ പുറത്തുവന്നു. ഇതിനിടയിലാണ് ഇലക്ട്രിക് വാഹനങ്ങളല്ലെങ്കിൽ പിന്നെയെന്താണ് മാർഗമെന്ന ചോദ്യമുയർന്നു വന്നത്. വാഹനലോകം തന്നെ അതിനും ഉത്തരം കണ്ടുപിടിച്ചു, ഹൈബ്രിഡ്. അതായത് പഴയ പെട്രോൾ വണ്ടിയുടെയും പുതിയ കറണ്ട് വണ്ടിയുടെയും സങ്കരയിനം, പെട്രോളിലും കറണ്ടിലുമോടുമെന്ന് പറയാം.
ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിൽ 28 ശതമാനം ചരക്കു സേവന നികുതിയും 15 ശതമാനവും സെസും ചുമത്തുന്നുണ്ടെന്നതാണ് പ്രതിസന്ധി. സെസ് ഒഴിവാക്കാനും ജി.എസ്.ടി സ്ലാബ് കുറയ്ക്കാനുമുള്ള ഹെവി ഇൻഡ്രസ്ട്രീസ് മന്ത്രാലയത്തിന്റെ ശുപാർശ ധനമന്ത്രാലയം ഉടൻ പരിഗണിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാൽ ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങളുടെ വില കുത്തനെ കുറക്കാനാകും. അടുത്തിടെ ഹൈബ്രിഡ് കാറുകൾക്കുള്ള റോഡ് തീരുവ കുറയ്ക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചെന്ന വാർത്ത വാഹന വിപണി കയ്യടിയോടെയാണ് സ്വീകരിച്ചത്.
2018വരെ ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തിൽ തന്നെയാണ് ഹൈബ്രിഡ് വാഹനങ്ങളെയും കൂട്ടിയിരുന്നത്. എന്നാൽ അധിക നികുതി ഈടാക്കാമെന്ന സാധ്യത മുന്നിൽ കണ്ട കേന്ദ്രസർക്കാർ ഹൈബ്രിഡ് കാറുകളെ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഹൈബ്രിഡ് കാറുകളുടെ വിലയിൽ 43 ശതമാനം വർധനയുണ്ടായി. ഇതേസമയം, ജി.എസ്.ടി കൗൺസിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12ൽ നിന്നും അഞ്ചായി കുറയ്ക്കുകയും ചെയ്തു.
എണ്ണിയെടുക്കാവുന്ന മോഡലുകൾ മാത്രമാണ് ഹൈബ്രിഡ് കാർ വിപണിയിലുള്ളത്. അതും സാധാരണക്കാരന് താങ്ങാനാവാത്ത വിലയിലുള്ളതാണെന്നതാണ് യാഥാർഥ പ്രതിസന്ധി.









