തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ വനം വകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.The cabinet has approved a draft bill giving rights to owners to sell sandalwood trees on private land through the forest department
നിയമസഭയിൽ ചർച്ച ചെയ്ത് നടപടികൾ പൂർത്തിയായാൽ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും നിലവിലെ സഭാസമ്മേളനം ബിൽ പരിഗണിക്കില്ലെന്നാണ് വിവരം. ഇനി മൂന്ന് ദിവസം മാത്രമാണ് സഭസമ്മേളിക്കുക.
നേരത്തെ നിശ്ചയിച്ച ബില്ലുകളും സഭ തടസപ്പെട്ട ദിവസങ്ങളിലെ നടപടികളും വരും ദിവസങ്ങളിൽ പൂർത്തിയാക്കേണ്ടതിനാൽ അടുത്ത സമ്മേളനത്തിലേ ബിൽ പരിഗണിക്കാൻ സാധ്യതയുള്ളു എന്നാണ് വനം വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.
നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും വില്‍പ്പന നടത്തി അവയുടെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. കൂടാതെ, ചന്ദനമരം മോഷണം പോയാൽ സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഈ അവസ്ഥമാറ്റി ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ഉടമകള്‍ വില്‍ക്കുന്ന ചന്ദനമരങ്ങള്‍ സൂക്ഷിക്കുന്നതിന് ജില്ലകളില്‍ ചന്ദന ഡിപ്പോകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ മറയൂരില്‍ മാത്രമാണ് ചന്ദനം സൂക്ഷിക്കുന്നതിനുള്ള ഡിപ്പോ നിലവിലുള്ളത്.
എന്നാല്‍ പട്ടയ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്താന്‍ അനുമതിയില്ല. ഇതിന് പട്ടയം നല്‍കുന്നത് സംബന്ധിച്ച റവന്യൂ നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
വനത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍, വന്യമൃഗങ്ങളെ ശല്യപ്പെടുത്തല്‍, ജലാശയങ്ങളില്‍ വിഷം ചേര്‍ത്തും മറ്റ് വിധത്തിലും അനധികൃതമായി മത്സ്യം പിടിക്കല്‍ എന്നിവ തടയുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
വനം ഉത്പ്പന്നങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് അതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നിയമപ്രകാരം സുതാര്യമാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വന കുറ്റങ്ങള്‍ തീർപ്പാക്കുന്നതിന് ഇപ്പോള്‍ വ്യക്തമായ നിയമ വ്യവസ്ഥകളില്ല. ഉദ്യോഗസ്ഥന് യുക്തമെന്ന് തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കില്‍ കുറ്റം തീർപ്പാക്കാമെന്നതിന് പകരം പിഴ തുകയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം തീർപ്പാക്കാൻ അനുവദിക്കുന്നതാണ് ഭേദഗതി.
കോടതി നടപടികള്‍ ആരംഭിച്ച കേസുകളില്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കുന്നതിനും വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. അഴിമതിയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ദേദഗതി സഹായകമാണ്.