തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിനുനേരെ ബോംബ് ഭീഷണി. കിഴക്കേകോട്ടയ്ക്ക് സമീപമുളള ഫോർട്ട് മാനർ ഹോട്ടലിനുനേരെയാണ് ഭീഷണി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടൽ മാനേജർക്കാണ് ഈമെയിൽ സന്ദേശം ലഭിച്ചത്. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു ലഭിച്ച സന്ദേശം. മുംബയ് സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഈമെയിൽ സന്ദേശമെത്തിയത്.
ബോംബ് സ്ക്വാഡ് ഉൾപ്പടെയുളളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് തിരുവനന്തപുരത്തെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്.
ഇതിന് മുൻപ് ഹോട്ടൽ താജിലും ഹയാത്തിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അവ വ്യാജമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലും ബോംബ് ഭീഷണി വന്നിരുന്നു. വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും ഈമെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി വന്നത്.
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി സദേശം. സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി വന്നത്. നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നായിരുന്നു സന്ദേശം എത്തിയത്.