മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പൊലീസിനെ കബളിപ്പിച്ചു നടന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവീട്ടിൽ നിന്നും ഇന്നലെ പുലർച്ചെയാണ് പിടികൂടിയത്.
കൃത്യം നടത്തി ഒളിവിൽ പോയ പ്രതി പൊലീസിനെ തെറ്റുധരിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് കാണിച്ച് വാട്സ് ആപ് സ്റ്റാറ്റസുകളും, മെസേജുകളും സുഹൃത്തുക്കൾക്കും മറ്റും അയക്കുന്നത് പതിവായിരുന്നു.
മൂർക്കൻ ചോലയിൽ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് മാർച്ച് ഏഴിന് രാത്രി മുക്കം മേലാത്തുവരിക്കർ വീട്ടിൽ അബ്ദുൾ ജലാൽ(46) അഗ്നിയ്ക്കിരയാക്കിയത്. മുൻവൈരാഗ്യത്തെ തുടർന്ന് രാത്രി പന്ത്രണ്ടരയോടെ ബൈക്കിലെത്തിയ പ്രതി ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐമാരായ ശങ്കരനാരായണൻ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ, സജി, ഗിരീഷ്, സജീർ, വിജയൻ, സുധീഷ്, ഉല്ലാസ്, സൽമാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.