കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തടിയൂർ മുഴങ്ങോടി മാരാരിത്തോട്ടം ആരോൺ ക്വാർട്ടേഴ്സിൽ രശ്മി പ്രമോദ് (39) ആണ് മരിച്ചത്. The accident happened while going to Bengaluru to get LLB degree certificate
ദേശീയപാത ഇടപ്പള്ളി – അരൂർ ബൈപ്പാസിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 6.30നായിരുന്നു അപകടം. ഭർത്താവ് പ്രമോദ് ഇ. വർഗീസ് (41), മകൻ ആരോൺ (15) എന്നിവർ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രമോദാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയർബാഗ് ഉണ്ടായിരുന്നെങ്കിലും അതും തുണച്ചില്ല. പ്രമോദിന്റെ ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചതിനാൽ അദ്ദേഹം വൈകാതെ തന്നെ പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ പിൻസീറ്റിലിരുന്ന ആരോണിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കാൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആരോണിനെ പുറത്തെടുത്തു.
രശ്മിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റെന്ന് മനസിലായതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അരമണിക്കൂറിനകം അവരെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് രശ്മിയെ പുറത്തെടുത്തത്. മരടിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ എത്തിച്ചെങ്കിലും രശ്മി വൈകാതെ മരിച്ചു.
അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ. 2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അപകടമുണ്ടായ ഇന്നും ഒട്ടേറെ ലോറികൾ അടക്കം ഇവിടെ നിർത്തിയിട്ടിരുന്നു. വാഹനം ഓടിച്ചു വരുന്നവർ വഴിയിരികിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നത് കാണാൻ വൈകുന്നതു മൂലമാണ് പല അപകടങ്ങളം സംഭവിക്കുന്നത്.
കരുനാഗപ്പള്ളിയിലെ ഫിഡെസ് അക്കാഡമി മാനേജിംഗ് ഡയറക്‌ടറാണ് രശ്മി. ഇവരുടെ എൽ.എൽ.ബി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആരോൺ തേവലക്കര ഹോളിട്രിനിറ്റി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ണാടിയിൽ ഉമ്മൻ തോമസിന്റെയും ലിസിയുടെയും മകളാണ് രശ്മി.സഹോദരി ലെസ്ലി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഓച്ചിറ പരബ്രഹ്മം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.