സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുമ്പോൾ കോട്ടയത്ത് കൗമാരക്കാരന് സൂര്യാഘാതമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്താണ് ഏഴാം ക്ലാസ് വിദ്യാർഥിയായ കൗമാരക്കാരന് സൂര്യാഘാതത്തെ തുടർന്ന് മുഖത്ത് പൊള്ളലേറ്റത്.
ഞായറാഴ്ച വൈകീട്ട് വെയിലടിച്ചതിനെ തുടർന്ന് മുഖത്ത് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി കൈകൊണ്ട് തുടച്ചപ്പോൾ പൊള്ളലിന് സമാനമായ പാടുകൾ കാണുകയായിരുന്നു.
എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്ട്രോക്ക് അഥവാ സബ് സ്ട്രോക്ക് എന്നും ഇത് അറിയപ്പെടുന്നു. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാവാൻ സാധ്യതയുള്ള അവസ്ഥ കൂടിയാണിത്.
ലക്ഷണങ്ങൾ
- ഉയർന്ന ശരീര താപനില (103 ഡിഗ്രി ഫാരൻഹീറ്റ്)
- വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം
- ശക്തിയായ തലവേദന, തലകറക്കം
- മന്ദഗതിയിലുള്ള നാഡിമിടിപ്പ്
- മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ
- അബോധാവസ്ഥ
ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.
സൂര്യാഘാതം താപ ശരീര ശോഷണം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ
- സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
- ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.
- തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക, ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.
- ധാരാളം പാനീയങ്ങൾ കുടിക്കുക.
- ഫലങ്ങളും സാലഡുകളും കഴിക്കുക.
- ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
പ്രത്യേകം ശ്രദ്ധ വേണ്ടവർ
- 65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ
- നാലു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ
- പ്രമേഹം, വൃക്ക രോഗങ്ങൾ, ഹൃദ്രോഗം പോലുള്ള രോഗമുള്ളവർ
- വെയിലത്ത് ജോലി ചെയ്യുന്നവർ
- പോഷകാഹാര കുറവുള്ളവർ
- തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താൽകാലിക പാർപ്പിടങ്ങളിലും താമസിക്കുന്ന അഗതികൾ.
- കൂടുതൽ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ
- മദ്യപാനികൾ
പ്രതിരോധ മാർഗങ്ങൾ
- ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
- വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
- കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
- വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാൻ അനുവദിക്കുക.
- കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.