മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം വിടില്ലെന്ന് പോലീസ്. കുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടി വരുമെന്നും ഇതിനു ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നുമാണ് തീരുമാനം. നിലവിൽ റിഹാബിലിറ്റേഷൻ സെന്‍ററിലാണ് കുട്ടികൾ കഴിയുന്നത്.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികളെ മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈയിൽനിന്നു മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹീം അസ്‍ലം. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങൾ അറിയിച്ചത്.