തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 5 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയില്‍ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും. കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്.
തുടര്‍ന്ന് പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ച് 24നാണ് വിമാനത്താവളത്തിൽ നിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോവുകയായിരുന്നു.
സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ നടപടി.