സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം പതിവായി അനുഭവിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. തിരക്കേറിയ ജീവിതത്തിൽ സ്‌ട്രെസ് അനുഭവിക്കാത്തവരായി ആരുമില്ല. എന്നാൽ സ്ട്രെസ് പതിവാകുമ്പോള്‍ അത് കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേക്ക് നയിക്കും. തുടർന്ന് പല ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടും. ഇത് ഓരോ വ്യക്തിയിലും പ്രതിഫലിക്കുന്നത് വ്യത്യസ്തമായ രീതിയിലും തീവ്രതയിലും ആണ്. ഇത്തരത്തില്‍ സ്ട്രെസ് മുടി കൊഴിച്ചിലിലേക്കും ക്രമേണ കഷണ്ടിയിലേക്കുമെല്ലാം നയിക്കുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ട്. അവയുടെ യാഥാർഥ്യം എന്തെന്ന് പരിശോധിക്കാം.
സ്ട്രെസ് കഷണ്ടിക്ക് കാരണമായി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പുരുഷന്മാരാണ് ഇത് ഏറെയും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ എല്ലാവരിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. അതുപോലെ പതിവായി സ്ട്രെസ് നേരിടുന്നതാണ് ക്രമേണ മുടിയുടെ ആരോഗ്യത്തെ ബാധിക്കുക. ചുരുങ്ങിയ സമയത്തേക്ക് സ്ട്രെസിലൂടെ കടന്നുപോകുന്നത് മുടി നശിക്കുന്നതിലേക്ക് നയിക്കണമെന്നില്ല.
ഇനി സ്ട്രെസിലൂടെ മുടി കൊഴിച്ചിലുണ്ടായാലും ചിലരില്‍ ഇത് ചികിത്സയിലൂടെ ശരിപ്പെടുത്തിയെടുക്കാനും സാധിക്കും.എന്നാല്‍ ചിലരില്‍ സ്ട്രെസ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ പരിഹരിക്കാൻ സാധിക്കാതെയും വരാം. സ്ട്രെസ് കുറയ്ക്കുകയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചിലോ കഷണ്ടിയോ ബാധിക്കാതിരിക്കാൻ ചെയ്യാനാവുക. സ്ട്രെസ് വരുന്ന സ്രോതസുകള്‍ മനസിലാക്കി, അവയെ കൈകാര്യം ചെയ്യുക. വ്യായാമം, വിനോദപരിപാടികള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.
മറ്റ് ഘടകങ്ങള്‍…
പ്രായം, ചില രോഗങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, തലയോട്ടിയില്‍ സംഭവിക്കുന്ന അണുബാധകള്‍, പോഷകക്കുറവ്, മറ്റേതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം മുടി കൊഴിച്ചിലിലേക്കോ കഷണ്ടിയിലേക്കോ നയിക്കാറുണ്ട്.
Read Also: ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം; ഈ രോഗങ്ങളെ ക്ഷണിച്ചു വരുത്തല്ലേ