തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 30ലേക്ക് മാറ്റി. ഒക്ടോബർ 19ന് തീരുമാനിച്ച ചടങ്ങാണ് വീണ്ടും മാറ്റിയത്. എന്നാൽ, വേദി തീരുമാനിച്ചിട്ടില്ല.Sreejesh, who won bronze medal in Paris Olympics hockey The acceptance has been postponed to October 30
ഒളിമ്പിക്സിൽ മെഡൽ നേടിയ ശ്രീജേഷിന് പാരിതോഷികമായി രണ്ടുകോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രിസഭ യോഗം തീരുമാനിച്ചതല്ലാതെ തുക കൈമാറാൻ സർക്കാറിന് കഴിയാത്തത് നാണക്കേടായിരുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയന്റ് ഡയറക്ടറായ ശ്രീജേഷിന് വകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26ന് സ്വീകരണം തീരുമാനിച്ചെങ്കിലും കായികവകുപ്പിനെ അറിയിക്കാതെ നടത്തുന്ന ചടങ്ങിനെതിരെ കായികമന്ത്രി വി. അബ്ദുറഹിമാൻ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.
കായിക, വിദ്യാഭ്യാസ മന്ത്രിമാരുടെ തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കാൻ അവസാന നിമിഷം മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ, മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ, സ്വീകരണം ഏറ്റുവാങ്ങാൻ കുടുംബസമേതം തലസ്ഥാനത്ത് എത്തിയ ശ്രീജേഷ് അന്ന് നിരാശയോടെയാണ് മടങ്ങിയത്.
ഇതോടെ ശ്രീജേഷിന് സ്വീകരണമൊരുക്കുന്നതിൽനിന്ന് വിദ്യാഭ്യാസവകുപ്പ് പിന്മാറി. തുടർന്ന് കായികവകുപ്പിനായിരുന്നു ചടങ്ങിന്റെ ചുമതല. എന്നാൽ, ശ്രീജേഷിനോടുപോലും ആലോചിക്കാതെ ഈ മാസം 19ന് ശ്രീജേഷ് പഠിച്ച ജി.വി. രാജ സ്കൂളിൽ സ്വീകരണ ചടങ്ങ് നിശ്ചയിച്ചു.
ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് 14ന് മലേഷ്യയിലേക്ക് പോകാനിരിക്കെയായിരുന്നു പരിപാടി നിശ്ചയിച്ചത്. അതു വിമർശനത്തിന് ഇടയാക്കിയതോടെയാണ് ഒക്ടോബർ 30ന് സ്വീകരണം നൽകാൻ തീരുമാനിച്ചത്.
ജകാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, പി.യു. ചിത്ര, വി.കെ. വിസ്മയ, വി. നീന എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പിൽ അസി. സ്പോർട്സ് ഓർഗനൈസർമാരായുള്ള നിയമന ഉത്തരവും അന്ന് കൈമാറും.