നേമം: ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ പ്രകോപനത്തിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. തിരുവനന്തപുരം നേമത്താണ് സംഭവം. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിനു സമീപം മേടയിൽ വീട്ടിൽ സാജിദ(40)യ്ക്കാണ് വെട്ടേറ്റത്.(Son attacked his mother in Thiruvananthapuram)
സംഭവത്തിൽ മകൻ മുസമ്മിലി(23)നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാജിദയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ സാജിദയുടെ തലയ്ക്കും മുഖത്തും ഇടതുകൈക്കും ആണ് പരിക്കേറ്റത്. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നേമം പോലീസ് സ്ഥലത്തെത്തി. തുടർന്നാണ് മുസമ്മിലിനെ കസ്റ്റഡിയിലെടുക്കുകയും സാജിദയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.