കോട്ടയം: ഇടിമിന്നലേറ്റ് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആണ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റത്.
മുണ്ടക്കയം കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് മിന്നലേറ്റത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് വിവരം. വൈകുന്നേരം മൂന്ന് മണിയോടെ കോട്ടയത്തെ മലയോര മേഖലയിൽ ഉൾപ്പെടെ ശക്തമായ മഴ ആണ് പെയ്തിരുന്നത്.
38തൊഴിലാളികൾ ആണ് കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നത്. വൈകുന്നേരം മൂന്ന് മണിയോടെ മഴ പെയ്തപ്പോൾ ഇവർ പരിസരത്തെ ഒരു വീടിന്റെ വരാന്തയിൽ കയറിനിൽക്കുകയായിരുന്നു. ഈ സമയത്താണ് ശക്തമായ മിന്നലുണ്ടായത്.
വീടിന്റെ വരാന്തയിൽ നിന്നവരിൽ ഏഴ് പേർക്ക് ആണ് മിന്നലേറ്റത്. പരിക്കേറ്റവരെ മുണ്ടക്കയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ള കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.