കൊച്ചി: സിനിമ നടിമാർക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയ സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്.
സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെയാണ് സന്തോഷ് വർക്കി അശ്ലീല പരാമർശം നടത്തിയെന്നാണ് ആക്ഷേപം. പരാതിയുമായി നടിമാർ എത്തിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സന്തോഷ് വർക്കിക്കെതിരെ അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വർക്കിയെ പിടികൂടിയത്.
ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടാൻ തുടങ്ങിയത്.
കൊച്ചിയിലെ പ്രധാന തിയറ്ററുകളിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിൻറെ പേരിൽ സന്തോഷ് വർക്കിയെ ആളുകൾ മർദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയിൽ സന്തോഷ് വർക്കി അഭിനയിച്ചിരുന്നു.