പരിയാരം: സെപ്റ്റംബർ മാസത്തെ ശമ്പളം കുടിശികയായതിൽ പ്രതിഷേധിച്ചും ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. ഭരണകക്ഷി സംഘടനയായ കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് രാവിലെ മെഡിക്കൽ കോളജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. Salary has not been received even after half of the month; Kannur Govt. Medical college employees go on strike
കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിന് ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടു മാസം മുമ്പ് കോളജ് പ്രിൻസിപ്പൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതുവരെ തുക ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ തവണ ശമ്പള ക്ലിയറൻസ് അനുവദിക്കപ്പെടുമ്പോൾ തന്നെ തുക ലഭ്യമാക്കുന്നതിന് ശമ്പള വിതരണത്തിന്റെ നടപടിക്രമങ്ങളുടെ ഉത്തരവ് അതാതു മാസം ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മാത്രമേ തുക അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നതെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസവും ഇരുപത്തിയഞ്ചാം തീയതി തന്നെ ശമ്പളം തയാറാക്കി നടപടിക്രമങ്ങൾ അടങ്ങിയ ഉത്തരവിന്റെ പകർപ്പ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ട്. എന്നാലിപ്പോഴും ഈ ഫയൽ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ് എന്ന് മറുപടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
മാസം പകുതിയായിട്ടും ജീവനക്കാരുടെ ശമ്പള വിതരണം നടക്കാത്തത് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മുൻ മാസങ്ങളിൽ ശമ്പള വിതരണത്തിന്റെ സന്ദർഭത്തിൽ എൻ.ജി.ഒ യൂനിയന്റെ സമയബന്ധിതമായ ഇടപെടലുകളിൽ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ശമ്പള വിതരണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സാധിച്ചതെന്നും എൻ.ജി.ഒ യൂനിയൻ നേതാക്കൾ പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ നിലപാടിൽ ജീവനക്കാർ പ്രതിഷേധത്തിലാണ് . ജീവനക്കാരെ പട്ടിണിക്കിടുന്ന സമീപനം സ്വീകരിക്കുന്ന ഈ നിലപാടിനെതിരെ കടുത്ത സമരത്തിലാണ് ജീവനക്കാർ. ഒരു വിഭാഗം ജീവനക്കാരുടെ നിരുത്തരവാദ നിലപാട് തിരുത്തി എത്രയും പെട്ടെന്ന് തന്നെ കഴിഞ്ഞ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
വിഷയം ഉന്നയിച്ച് കേരള എൻ.ജി.ഒ യൂനിയൻ സമരത്തിലാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ മെഡിക്കൽ കോളജിന് മുമ്പിൽ യൂനിയൻ കുത്തിയിരിപ്പ് സമരം നടത്തും. ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ അനുവദിക്കാത്ത സാഹചര്യത്തിൽ സമരവുമായി എൻ.ജി.ഒ അസോസിയേഷനും രംഗത്തുണ്ട്. സർക്കാർ ഏറ്റെടുത്ത കാലം മുതൽ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞ് ജീവിക്കാൻ തന്നെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന നാമമാത്രമായ തുക പോലും ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞ് ജീവനക്കാർക്ക് അനുവദിക്കാത്ത സാഹചര്യത്തിൽ സംഘടന ചൊവ്വാഴ്ച കണ്ണൂരിൽ പിച്ചതെണ്ടൽസമരം നടത്തുമെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
ശമ്പളം നൽകാതെ ജീവനക്കാരെ പട്ടിണിക്കിട്ട സർക്കാർ നീതിപാലിക്കുക, 2018 മുതൽ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, ആറുവർഷമായി പിടിച്ചു വെച്ച ഡി.എ അനുവദിക്കുക, തടഞ്ഞുവെച്ച ശമ്പള പരിഷ്കരണം നടപ്പിൽ വരുത്തുക, ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ കൂടി ജീവനക്കാർ ഉന്നയിച്ചാണ് സമരം.