ഇറാഖിൽ നിന്നും ലെബനോനിൽ നിന്നും റോക്കറ്റ് ആക്രമണം രൂക്ഷമായതോടെ പ്രവർത്തനം നിലച്ച ഇസ്രയേലിലെ പ്രധാന തുറമുഖമായ ഐലാത്ത് കടക്കെണിയിലായതായി റിപ്പോർട്ട്. തുറമുഖത്തിന് പ്രവർത്തന ചെലവ് ലഭിക്കാതെ വന്നതോടെ സാമ്പത്തിക സഹായം ആവശ്യപ്പട്ട് ഇസ്രയേൽ സർക്കാരിന് കത്തു നൽകിയിരിക്കുകയാണ് അധികൃതർ. (Rocket attack: Israel’s Eilat port in debt)
യെമനിലെ ഹൂത്തികളുടെയും ഇറാഖിലെ ഷിയാ സായുധ സംഘങ്ങളുടെയും റോക്കറ്റ് ആക്രമണം ശക്തമായതോടെ ഒരു മാസമായി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ചെങ്കടൽ വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിച്ചിരുന്ന തുറമുഖത്തിന്റെ പ്രവർത്തനം നിലച്ചതോടെ കയറ്റിറക്കുമതിക്ക് ചെലവേറിയ മറ്റു മാർഗങ്ങൾ നോക്കേണ്ടി വന്നിരിക്കുകയാണ്.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ നടത്തുന്ന ആക്രമണവും ഐലാത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഇസ്രയേലിലെ തന്നെ ഹൈഫ തുറമുഖം ലക്ഷ്യമിട്ടും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തുന്നുണ്ട്.