ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വില കുറച്ചു. സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി മാറി. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലുമുണ്ടായ തുടർച്ചയായ വിലവർധനയ്ക്ക് പിന്നാലെയാണ് നിലവിൽ സിലിണ്ടർ വില കുറച്ചത്. ഇതിന് മുൻപ് പുതുവത്സര രാവിലാണ് വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചത്.
അന്താരാഷ്ട്ര എണ്ണ വിലയിൽ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ-ഡിമാൻഡ് എന്നിവയാണ് സിലിണ്ടർ വിലയിൽ പ്രതിഫലിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടർ വിലയിലെ ഈ മാറ്റമെന്നതും എടുത്തുപറയേണ്ടതാണ്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ വരുന്ന മാറ്റം താത്കാലിക ആശ്വാസമാകും.