മൂന്നാറിലെ തൂക്കുപാലങ്ങൾ ഫയലിൽ; ദുരിതം തീരാതെ ജനങ്ങൾ
ഇടുക്കി മൂന്നാറിൽ പ്രളയത്തിൽ തകർന്ന തൂക്കുപാലങ്ങളുടെ പുനർ നിർമാണം നടപ്പായില്ല. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി.
പഴയമൂന്നാർ വർക്ക്‌ഷോപ്പ് ക്ലബ്ബിന് സമീപത്തെ മാർഗരറ്റ് പാലം, ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ എംഎസ്എ പാലം എന്നിവയാണ് 2018 ഓഗസ്റ്റിലെ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്നത്.
നൂറുവർഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പാലങ്ങളാണിവ. പഴയമൂന്നാറിനെ ചൊക്കനാട്, ഹൈറേഞ്ച് ക്ലബ്ബ്, വർക്ക്‌ഷോപ്പ് ക്ലബ്ബ് മേഖലകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ഒലിച്ചു പോയത്.
ഇതോടെ പാലംകടന്ന് പഴയമൂന്നാറിൽ എത്തിയിരുന്ന മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ അഞ്ച് കിലോമീറ്ററിധികം ചുറ്റി സഞ്ചരിക്കേണ്ട നിലയിലായി. .
2023 ജനുവരിയിൽ മാർഗരറ്റ് പാലം പുനർനിർമിക്കുന്നതിനായി എ. രാജ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.15 കോടി രൂപ അനുവദിച്ചിരുന്നു.
നിരവധി വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന പാലത്തിന്റെ തനിമ നിലനിർത്തി അതേ രൂപത്തിൽ തന്നെ പുതിയ തൂക്കുപാലം നിർമിക്കാനാണ് തീരുമാനിച്ചത്.
എന്നാൽ പ്രദേശത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതല്ലാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ല. മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിയാണ് എങ്ങുമെത്താതെ പോയത്.
പ്രളയത്തിൽ തകർന്ന ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തുള്ള എംഎസ്എ തൂക്കുപാലത്തിന്റെ പുനർനിർമാണത്തിനായി ഡീൻ കുര്യാക്കോസ് എംപിയുടെ ഫണ്ടിൽ നിന്നും 73 ലക്ഷം രൂപ അനുവദിച്ചിരുന്നു.
2024 നവംബറിൽ നിർമാണം തുടങ്ങിയെങ്കിലും ഇരുവശത്തും തൂണുകൾ നിർമിച്ചതിനു ശേഷം പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായി. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പാലം 1984 – ൽ തകർന്നുവീണിരുന്നു.
പിന്നീട് പുനർനിർമിച്ച പാലമാണ് 2018 – ലെ പ്രളയത്തിൽ ഒലിച്ചു പോയത്. നിലവിൽ പ്രദേശവാസികൾ വലിയ തുക ഓട്ടോക്കൂലി നൽകിയാണ് പഴയമൂന്നാറിലും മൂന്നാർ ടൗണിലുമെത്തുന്നത്.









