പുണെയിൽ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പടരുന്നതായി ആശങ്ക. 37 പേർക്കു കൂടി രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗികൾ 59 ആയി. ഇതിൽ 40 പേർ പുരുഷൻമാരാണ്. Rare neurological disease Guillain-Barré syndrome spreads in Pune
പുണെ സിറ്റിയിൽ 11 പേർക്കും പിംപ്രി–ചിഞ്ച്‌വാഡ് മേഖലയിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ആളുകളിലാണു രോഗബാധ കൂടുതൽ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വയറുവേദന, അതിസാരം, കൈകാലുകൾക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.
സാധാരണ അപകടം ഉണ്ടാക്കില്ലെങ്കിലും രോഗം നാഡിയുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം.
രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിർണയ പരിശോധനയ്ക്ക് എടുക്കുക. രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ ആരോഗ്യവകുപ്പിന്റെ ദ്രുതകർമ സേന സന്ദർശനം നടത്തി.
ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.