ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനം നടത്തിയ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ എക്സിലൂടെ അറിയിച്ചു. കേസിൽ നാല് പേർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിലവിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാരനിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ചാണ് ഇയാൾ കടയ്‌ക്കുള്ളിലേക്ക് എത്തിയത്. അയാൾ ഒമ്പത് മിനിറ്റോളം കഫേയിൽ ചെലവഴിച്ചുവെന്നാണ് ദൃശ്യങ്ങളിൽ കാണുന്നത്.
മാർച്ച് ഒന്നിന് ഉച്ചയോടെയാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേരുൾപ്പെടെ പത്ത് പേർക്കാണ് സ്പോടനത്തിൽ പരിക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആൾ ഉപേക്ഷിച്ച ബാഗിലായിരുന്നു സ്ഫോടക വസ്തു ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഐഇഡി.യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.